Current Date

Search
Close this search box.
Search
Close this search box.

സിവിലിയന്‍മാരെ ഒഴിപ്പിക്കുന്നതിന് ഇറാനിയന്‍ മിലീഷ്യ തടസ്സം നില്‍ക്കുന്നു: സിറിയന്‍ വിമതര്‍

അലപ്പൊ: കിഴക്കന്‍ അലപ്പോയില്‍ കുടുങ്ങിയ സിവിലിയന്‍മാരെ സുരക്ഷിതമായി പുറത്തേക്കെത്തിക്കുന്ന പ്രക്രിയക്ക് ഇറാന്‍ തടസ്സം നില്‍ക്കുന്നതായി സിറിയന്‍ വിമത വക്താവ്. കിഴക്കന്‍ അലപ്പോയില്‍ നിന്നും സിവിലിയന്‍മാരെ ഒഴിപ്പിക്കുന്ന പ്രക്രിയ ഏതാണ്ട് അവസാനിക്കാറായെന്നും അവസാന സംഘം പുറപ്പെടാന്‍ തയ്യാറായെന്നും നേരത്തെ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയുടെയും അസദിന്റെയും സൈന്യങ്ങളും, അവരെ പിന്തുണക്കുന്ന മിലീഷ്യകളും വെടിനിര്‍ത്തല്‍ ഉടമ്പടി തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് അലപ്പൊ പ്രവിശ്യ കമ്മിറ്റിയംഗം അഹ്മദ് ദേരി ആരോപിച്ചു. ഇവര്‍ ഇതിനിടയില്‍ സമയം ലാഭിക്കുകയാണെന്നും, ആയുധ കച്ചവടങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പടിഞ്ഞാറന്‍ അലപ്പോയിലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് അലപ്പൊ കരാര്‍ പ്രകാരം വിമത പോരാളികള്‍ പിന്‍മാറുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതുവരെ എത്രയാളുകള്‍ പിടിഞ്ഞാറന്‍ അലപ്പോയിലേക്ക് മാറികഴിഞ്ഞു എന്നതിനെ കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. അതേസമയം 1052 കുടുംബങ്ങള്‍ കിഴക്കന്‍ അലപ്പോയില്‍ നിന്നും പടിഞ്ഞാറന്‍ അലപ്പോയിലേക്ക് എത്തികഴിഞ്ഞതായി അലപ്പൊ വിമത കൗണ്‍സില്‍ പറഞ്ഞു. വടക്കന്‍ അലപ്പോയിലേക്ക് 552 കുടുംബങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്.
അതേസമയം ഇദ്‌ലിബില്‍, റാമൂസ ചെക്‌പോസ്റ്റില്‍ കുടുങ്ങി കിടക്കുന്ന സിവിലിയന്‍മാര്‍ക്ക് ഇതുവരെ പട്ടണത്തിന് പുറത്തേക്ക് കടക്കാന്‍ സാധിച്ചിട്ടില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ടര്‍ അദ്ഹം അബൂ ഹുസ്സാം പറഞ്ഞു. ഇവരെ കൊണ്ടുപോകാനുള്ള ബസ്സുകളും കാറുകളും ചെക്‌പോസ്റ്റ് നിയന്ത്രിക്കുന്ന ഇറാനിയന്‍ മിലീഷ്യയുടെ അനുവാദത്തിന് കാത്ത് നില്‍ക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ റാഷിദീന്‍ പ്രവിശ്യയിലും സിവിലിയന്‍മാരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ കാത്തുകെട്ടികിടക്കുന്നുണ്ട്.

Related Articles