Current Date

Search
Close this search box.
Search
Close this search box.

സിറിയ ഭൂപടത്തില്‍ നിന്ന് തന്നെ മായ്ച്ചു കളയപ്പെട്ടേക്കുമെന്ന് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്

ഇസ്തംബൂള്‍: കഴിഞ്ഞ ആറ് വര്‍ഷമായി തുടരുന്ന യുദ്ധം കാരണം നിലവിലെ അവസ്ഥ സിറിയയെ ഭൂപടത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും മായ്ച്ചു കളയുന്നതിലേക്കാണ് കൊണ്ടു പോകുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വാര്‍സോയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇസ്തംബൂളിലെ അതാതുര്‍ക്ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയെ പോലെ ചരിത്രവും സ്ഥാനവുമുള്ള ഒരു രാഷ്ട്രം ഇല്ലാതായി പോകുന്നതിന് നേരെ കണ്ണടക്കാനാവില്ല. ആറ് വര്‍ഷമായി അവിടെ യുദ്ധം തുടരുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആറു ലക്ഷത്തോളം മനുഷ്യര്‍ അവിടെ കൊല്ലപ്പെട്ടിരിക്കുന്നു. എന്ന് അദ്ദേഹം വിവരിച്ചു.
പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളുടെയും അഭയാര്‍ഥി പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് വലിയ പ്രസക്തിയുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. പുതുതായി ഉയര്‍ന്നു വന്നിരിക്കുന്ന വെല്ലുവിളികള്‍ക്ക് നേരെ നാറ്റോ സഖ്യം കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്തംബൂളിലും ഇറാഖിലും സൗദിയിലുമുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷ വലിയ അപകടത്തിലായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles