Current Date

Search
Close this search box.
Search
Close this search box.

സിറിയ ‘പീഡന മുറി’യായി മാറിയിരിക്കുന്നു: ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: സിറിയ ഒന്നടങ്കം ഒരു പീഡന മുറിയും വന്യമായ ഭീതിയുടെയും അക്രമത്തിന്റെയും ഇടവുമായി മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ അമീര്‍ സൈദ് ബിന്‍ റഅദ് അല്‍ഹുസൈന്‍. സിറിയയില്‍ ജയിലുകളില്‍ അടക്കപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കനാളുകളെ മോചിപ്പിക്കണമെന്നും ചൊവ്വാഴ്ച്ച ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. പീഡനങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവരെ വിചാരണക്ക് വിധേയരാക്കേണ്ടത് സിറിയയില്‍ സ്ഥായിയായ സമാധാനം നിലനിര്‍ത്തുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളുടെ വിചാരണയും ഇരയാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും ഉറപ്പുനല്‍കിയിട്ടല്ലാതെ സിറിയയില്‍ അനുരഞ്ജനമോ സമാധാനമോ സാധിക്കുകയില്ലെന്നും സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭാ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ പീഡനങ്ങളും വധശിക്ഷകളും അവസാനിപ്പിക്കുകയും തടവിലിട്ടിരിക്കുന്നവരെ മോചിപ്പിക്കുകയും വേണം. ഏറ്റവും ചുരുങ്ങിയത് തടവിലാക്കിയിരിക്കുന്നവരുടെ പേരുകളും അവരെ പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളും അവരില്‍ നിന്നും മരണപ്പെട്ടവരെ മറമാടിയിരിക്കുന്ന സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങളെങ്കിലും കൈമാറണം. എന്നും അമീര്‍ സൈദ് പറഞ്ഞു. യാതൊരര്‍ഥവുമില്ലാത്ത കൂട്ടകശാപ്പിന് അറുതി വരുത്താനുള്ള ശ്രമങ്ങളെ വീറ്റോ അധികാരം ഉപയോഗിച്ച് പരാജയപ്പെടുത്തിയതില്‍ അദ്ദേഹം ദുഖം പ്രകടിപ്പിക്കുകയും ചെയ്തു. സിറിയന്‍ യുദ്ദം ആരംഭിച്ചതിന് ശേഷം രക്ഷാസമിതി പ്രമേയങ്ങളെ പല സന്ദര്‍ഭങ്ങളിലും വീറ്റോ അധികാരം ഉപയോഗിച്ച് പരാജയപ്പെടുത്തിയ റഷ്യയെയും ചൈനയെയുമാണ് പ്രസ്തുത പരാമര്‍ശം ഉദ്ദേശിച്ചത്.
ദര്‍ആ നഗരത്തിലെ സ്‌കൂളിന്റെ ചുമരില്‍ ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിവെച്ചതിന് ഒരു പറ്റം കുട്ടികളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ആറ് വര്‍ഷം മുമ്പ് സിറിയന്‍ സംഘട്ടനത്തിന് തുടക്കം കുറിക്കപ്പെട്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു. മാര്‍ച്ച് മാസത്തോടെ ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സംഘര്‍ഷം രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ നന്നെ ചുരുങ്ങിയത് അറുപതിനായിരം പേര്‍ ജയിലുകളിലെ പീഡനങ്ങളെയും തടവറയിലെ അങ്ങേയറ്റം മോശമായ സാഹചര്യങ്ങളെയും തുടര്‍ന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. ദമസ്‌കസ് ഭരണകൂടം തടവുകാരെ ഉന്മൂലനം ചെയ്യുന്നുണ്ടെന്ന് 2016 ഫെബ്രുവരിയില്‍ ഐക്യരാഷ്ട്രസഭയിലെ അന്വേഷകര്‍ ആരോപണം ഉന്നയിച്ചിരുന്നു.

Related Articles