Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ യുദ്ധക്കുറ്റവാളികളുടെ വിചാരണ; ഖത്തറും സൗദിയും സ്വാഗതം ചെയ്തു

ന്യൂയോര്‍ക്ക്: സിറിയയിലെ യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാനുള്ള ഐക്യരാഷ്ട്രസഭ തീരുമാനത്തെ ഖത്തറും സൗദിയും സ്വാഗതം ചെയ്തു. സിറിയന്‍ ഭരണകൂടം ജനതക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അപലപിച്ചു കൊണ്ട് പ്രമേയമിറക്കുന്നതിന് രക്ഷാസമിതിയില്‍ റഷ്യ തടസ്സം നില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്. സിറിയയിലെ യുദ്ധകുറ്റവാളികളെ വിചാരണ ചെയ്യുന്നത് സംബന്ധിച്ചുള്ള ഐക്യരാഷ്ട്രസഭ പ്രമേയം മുഴുവന്‍ മനുഷ്യാവകാശ ലംഘകര്‍ക്കുമുള്ള സന്ദേശമാണെന്നും കാലമെത്ര നീണ്ടാലും തങ്ങള്‍ പിടികൂടപ്പെടുമെന്ന സന്ദേശമാണത് അവര്‍ക്ക് നല്‍കുന്നതെന്നും ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ പ്രതിനിധി അല്‍യാ ആല്‍ഥാനി പറഞ്ഞു. നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ ശിക്ഷിക്കാതെ പോകുന്നത് ഒഴിവാക്കുന്നതിനായി തന്റെ രാജ്യം നടത്തുന്ന ശ്രമങ്ങള്‍ തുടരുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
സിറിയന്‍ ജനതക്കെതിരെയുള്ള യുദ്ധംകുറ്റം സംബന്ധിച്ച പ്രമേയം നിര്‍ബന്ധിത പലായനത്തിനും സിറിയയിലെ ഇറാന്‍ റവല്യൂഷന്‍ ഗാര്‍ഡിന്റെ സാന്നിദ്ധ്യത്തിനും അറുതി വരുത്താന്‍ സഹായകമാകുമെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി പ്രതിനിധി മനാല്‍ ഹസന്‍ റിദ്‌വാനും അഭിപ്രായപ്പെട്ടു. യുദ്ധകുറ്റം സംബന്ധിച്ച് ലിക്‌റ്റൈന്‍സ്റ്റൈന്‍  സമര്‍പിച്ച പ്രമേയത്തെ 105 രാഷ്ട്രങ്ങള്‍ അനുകൂലിച്ചപ്പോള്‍ 15 രാഷ്ട്രങ്ങളാണ് എതിര്‍ത്തത്. അതേസമയം 52 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിറിയയിലെ യുദ്ധം കുറ്റം സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാനും അന്വേഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പ്രമേയം ആവശ്യപ്പെടുന്നത്.

Related Articles