Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ അമേരിക്കന്‍ ആക്രമണം; കനത്ത നഷ്ടമെന്ന് റിപോര്‍ട്ട്

ദമസ്‌കസ്: സിറിയയിലെ ശഈറാത്ത് വ്യോമതാവളത്തിന് നേരെ അമേരിക്ക ഇന്ന് പുലര്‍ച്ചെ നടത്തിയ മിസൈലാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സൈന്യം വ്യക്തമാക്കി. വ്യോമതാവളത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ക്ക് ആക്രമണം കാരണമായിട്ടുണ്ടെന്നും അവിടെയുണ്ടായിരുന്ന മുഴുവന്‍ വിമാനങ്ങളും തകര്‍ക്കപ്പെട്ടെന്നും റഷ്യന്‍ വാര്‍ത്താ കേന്ദ്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. താവളത്തിലെ തീപ്പിടുത്തം ഇപ്പോഴും അണക്കാനായിട്ടില്ലെന്ന് സിറിയന്‍ ടെലിവിഷനും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ അമേരിക്കന്‍ മിസൈലാക്രമണത്തിന് മുമ്പായി അവിടെയുണ്ടായിരുന്ന മിക്ക വിമാനങ്ങളും മാറ്റിയിരുന്നതായി ലബനാന്‍ ചാനലായ അല്‍മയാദീന്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. മിലിറ്ററി എയര്‍ബേസ് ആക്രമിച്ചതിലൂടെ അമേരിക്ക നഗ്നമായ അതിക്രമമാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും അമേരിക്ക തെറ്റായ നയം തുടരുകയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുകയുമാണെന്ന് സിറിയന്‍ സൈനിക നേതൃത്വത്തിന്റെ പ്രസ്താവന ആരോപിച്ചു. ഈ ആക്രമണത്തിലൂടെ അമേരിക്ക ഐഎസിന്റെയും മറ്റ് ഭീകരസംഘടനകളുടെയും സഖ്യകക്ഷിയായി മാറിയിരിക്കുകയാണെന്നും പ്രസ്താവന പറഞ്ഞു. അമേരിക്കയുടെ ആക്രമണത്തെ അപലപിച്ച ഇറാന്‍ അത് ഭീകരതയെയാണ് സഹായിക്കുകയെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം അമേരിക്കയുടെ ആക്രമണത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് നിരവധി രാഷ്ട്രങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. സൗദി അറേബ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രേയല്‍ എന്നീ രാഷ്ട്രങ്ങള്‍ അമേരിക്കയെ അനുകൂലിക്കുകയാണ് ചെയ്തിട്ടുള്ളത്. സിറിയന്‍ പ്രതിപക്ഷ സഖ്യവും ആക്രമണത്തെ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരോധിക്കപ്പെട്ടിട്ടുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സിറിയന്‍ ഭരണകൂടത്തെ തടയുന്നതിന് അത് സഹായകമായേക്കുമെന്നും പ്രതിപക്ഷ സഖ്യം പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles