Current Date

Search
Close this search box.
Search
Close this search box.

സിറിയയിലും യമനിലും സമാധാനമുണ്ടാക്കുന്നതിന് പ്രഥമ പരിഗണ: ഗുട്ടെറസ്

ന്യൂയോര്‍ക്ക്: സിറിയയിലും യമനിലും ദക്ഷിണ സുഡാനിലും സമാധാനമുണ്ടാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അന്റോണിയോ ഗുട്ടെറസ്. പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രിയായ ഗുട്ടെറസ് 2005 മുതല്‍ പത്തുവര്‍ഷത്തോളം യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി അദ്ദേഹത്തെ ഔദ്യോഗികമായി തെരെഞ്ഞെടുത്ത ഐക്യരാഷ്ട്രസഭ പൊതുസഭയുടെ മീറ്റിംഗിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.
സിറിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരാളാണ് ഞാന്‍. മുമ്പ് അഭയാര്‍ഥി കാര്യ ചുമതല വഹിച്ചിരുന്നപ്പോള്‍ വീടുപേക്ഷിച്ച് പോരാന്‍ നിര്‍ബന്ധിതരായ ദശലക്ഷക്കണക്കിന് സിറിയക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. നാടുപേക്ഷിച്ച അവരുടെ അവസ്ഥ എന്റെ ഹൃദയം ഭേദിച്ചിരുന്നു. അവരുടെ നാടുകളില്‍ സമാധാനം ഉണ്ടാക്കുന്നതിന് എനിക്ക് സാധ്യമായതെല്ലാം ഞാന്‍ ചെയ്യും. എന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ ജനതയുടേതിന് സമാനമായ അവസ്ഥയാണ് യമനിലും ദക്ഷിണ സുഡാനിലും ഉള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനുവരി ഒന്നിനായിരിക്കും അദ്ദേഹം യു.എന്നിന്റെ ഒമ്പതാമത്തെ സെക്രട്ടറി ജനറലായി ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക. കഴിഞ്ഞയാഴ്ച യു.എന്‍ രക്ഷാസമിതിയിലെ 15 അംഗ രാഷ്ട്രങ്ങള്‍ നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഗുട്ടെറസിന്റെ പേര് പൊതുസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. തെരഞ്ഞെടുപ്പിനുശേഷമുള്ള മറ്റു നടപടിക്രമങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി അസംബ്‌ളി പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ ഗുട്ടെറസുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന്, സഭാ സമ്മേളനവും നടക്കും.

Related Articles