Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍

ന്യൂയോര്‍ക്ക്: ഇദ്‌ലിബിലെ ഖാന്‍ ശൈഖൂനില്‍ സിറിയന്‍ സൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍ രാസായുധം ഉപോയഗിച്ച് നടത്തിയ ആക്രമണത്തെ ലോക രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര വേദികളും ശക്തമായി അപലപിച്ചു. ഖാന്‍ ശൈഖൂന്‍ ആക്രമണത്തെ അപലപിക്കുന്നതില്‍ അമേരിക്ക ലോകത്തെ തങ്ങളുടെ സഖ്യങ്ങള്‍ക്കൊപ്പമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വിട്ടുവീഴ്ച്ച ചെയ്യാനോ നാഗരിക ലോകത്തിന് അവഗണിക്കാനോ സാധിക്കാത്ത ഒന്നാണ് അവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള മുന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ദൗര്‍ബല്യത്തിന്റെയും അലംഭാവത്തിന്റെയും ഫലമാണ് ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ നീചമായ പ്രവര്‍ത്തികള്‍ എന്നും ട്രംപ് ആരോപിച്ചു. യാതൊരു ലജ്ജയുമില്ലാതെ അസദ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് രാസായുധാക്രമണം പ്രകടമാക്കുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഭീകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റഷ്യയും ഇറാനും സിറിയന്‍ ഭരണകൂടത്തിന് മേലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരമായ ഈ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തുന്നതിനായി രക്ഷാസമിതി യോഗം ചേരുമെന്നും ഡി മിസ്റ്റുറ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് ഇപ്പോള്‍ അതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് മിസ്റ്റുറ നല്‍കിയത്. വ്യോമമാര്‍ഗത്തിലൂടെയാണ് ആക്രമണം നടന്നതെന്നും അതുറപ്പിക്കുന്നതിനുള്ള സാങ്കേതിക പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബ്രസ്സല്‍സില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി മേധാവി ഫെഡറിക മൊഗേറിനിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു മിസ്റ്റുറയുടെ പ്രസ്താവന. ആക്രമണത്തിന് പിന്നില്‍ ആരാണെങ്കിലും അവരെ വിചാരണ ചെയ്യേണ്ടത് അനിവാര്യമാണെന്ന് മൊഗേറിനി വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഒലാന്റ്, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് ഐറോള്‍ട്ട്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ തുടങ്ങിയവരും സംഭവത്തെ ശക്തമായി അപലപിച്ചു.

Related Articles