Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി അഞ്ജലീന ജോളി

അമ്മാന്‍: സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹോളിവുഡ് താരം അഞ്ജലീന ജോളി രംഗത്ത്. ഞായറാഴ്ച ജോര്‍ദാനിലെ സാതാരിയിലുള്ള സിറിയന്‍ അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിച്ച ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. സിറിയയില്‍ കുറേ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ രാഷ്ട്രീയമായ പരിഹാരം തേടണമെന്നും മാനുഷിക സഹായം എന്നത് ദീര്‍ഘകാല പരിഹാരമല്ലെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് സിറിയന്‍ അഭയാര്‍ത്ഥികളാണ് മരുഭൂമി പ്രദേശമായ സാതാരിയിലെ അഭയാര്‍ത്ഥി ക്യാംപിലുള്ളത്. സിറിയന്‍ അതിര്‍ത്തിയിക്കു സമീപമാണ് ഈ ക്യാംപ് സ്ഥിതി ചെയ്യുന്നത്. അഭയാര്‍ത്ഥികളായ കുട്ടികള്‍ക്കിടയില്‍ നിന്നു കൊണ്ടായിരുന്നു താരം മാധ്യമങ്ങളെ കണ്ടത്. ഇത് അഞ്ചാം തവണയാണ് ജോളി ജോര്‍ദാന്‍ സന്ദര്‍ശിക്കുന്നത്.

‘ഹൃദയഭേദകമാണ് ജോര്‍ദാനിലെ കാഴ്ചകള്‍. നിരവധി കഷ്ടതകളനുഭവിക്കുന്നവരാണ് അഭയാര്‍ത്ഥി ക്യാംപുകളിലുള്ളത്. ആഭ്യന്തര യുദ്ധം എട്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേരാണ് സഹായം തേടി ക്യാംപുകളില്‍ കഴിയുന്നത്. നിങ്ങള്‍ വളരെ ശക്തരാണ്. അക്കാര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അഭയാര്‍ത്ഥി കുടുംബങ്ങളുമായും പെണ്‍കുട്ടികളുമായും ചര്‍ച്ച നടത്തിയതിനു ശേഷം താരം പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി സഹകരിച്ചാണ് ജോളി ജോര്‍ദാനിലെ ക്യാംപിലെത്തിയത്. 5.5 മില്യണ്‍ അഭയാര്‍ത്ഥികളാണ് ജോര്‍ദാനിലും സമീപ രാജ്യങ്ങളിലേക്കും കുടിയേറിയത്. അഭയാര്‍ത്ഥികളെ സ്വീകരിച്ച രാജ്യങ്ങള്‍ അവരുടെ ആതിഥ്യമര്യാദയാണ് കാണിച്ചതെന്നും അഭയാര്‍ത്ഥികളോട് ലോകം ഐക്യപ്പെടേണ്ട സമയമാണിതെന്നും ഹോളിവുഡ് താരം ഓര്‍മിപ്പിച്ചു.

 

 

 

Related Articles