Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ ജയിലുകളില്‍ പതിനായിരങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു: നിക്കി ഹാലി

ന്യൂയോര്‍ക്ക്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ഭരണകൂടം തടവുകാര്‍ക്കെതിരെ നടമാടുന്ന മര്‍ദനമുറകളുടെ വിശദാംശങ്ങള്‍ ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലി രക്ഷാസമിതിക്ക് മുമ്പാകെ വെച്ചു. സിറിയന്‍ ജയിലുകളിലെ ബീഭത്സമായ അവസ്ഥക്ക് തടയിടാന്‍ റഷ്യ ഇടപെട്ട് സിറിയന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യോഗത്തിന് തൊട്ടു മുമ്പാണ് പ്രദേശം സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ഹാലി ഇക്കാര്യം പറഞ്ഞത്. സന്ദര്‍ശനത്തിന്റെ ഭാഗമായി സിറിയന്‍ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച്ച നടത്തിയ ഹാലി അവരുടെ ഒളിച്ചോട്ടത്തിന്റെയും സിറിയന്‍ ജയിലുകളില്‍ നടക്കുന്ന പീഡനങ്ങളുടെയും കഥകള്‍ അവരില്‍ നിന്ന് നേരിട്ട് കേട്ടിരുന്നു. പതിനായിരക്കണക്കിന് പൗരന്‍മാരെ തടവിലിടുന്നതും മനുഷ്യത്വ രഹിതമായ കടുത്ത പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും അവരെ വിധേയമാക്കുന്നതും സിറിയന്‍ ഭരണകൂടം തുടരുകയാണ്. തടവറയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വിട്ടുമാറാത്ത പ്രശ്‌നങ്ങളുമായിട്ടാണ് ജീവിക്കുന്നതെന്നും ഹാലി പറഞ്ഞു.
സിറിയന്‍ യുദ്ധത്തിന്റെ ഇരകളില്‍ ഏറെയും കൊല്ലപ്പെട്ടവരും കുടിയിറക്കപ്പെട്ടവരുമായ കുട്ടികളാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാനവിക കാര്യ അണ്ടര്‍ സെക്രട്ടറി സ്റ്റീഫന്‍ ഒ-ബ്രിയാന്‍ പറഞ്ഞു. ഏഴ് ദശലക്ഷത്തോളം സിറിയന്‍ കുട്ടികള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ് ജീവിക്കുന്നതെന്നും രക്ഷാസമിതി യോഗത്തില്‍ കണക്കുകള്‍ നിരത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അവിടെ സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത 175 ലക്ഷം കുട്ടികളാണുള്ളത്. നിലവില്‍ പഠനം തുടരുന്നവരില്‍ 135 ലക്ഷം പേര്‍ പഠനം ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ സിറിയയിലുണ്ടായിരുന്ന സ്‌കൂളുകളുടെ മൂന്നില്‍ ഒന്നും തകര്‍ക്കപ്പെട്ട നിലയിലാണുള്ളതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles