Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ ജനത അസദിനെ ആഗ്രഹിക്കുന്നില്ല: നിക്കി ഹാലി

ന്യൂയോര്‍ക്ക്: ബശ്ശാറുല്‍ അസദ് ഇനിയും തങ്ങളുടെ പ്രസിഡന്റായി തുടരണമെന്ന് സിറിയന്‍ ജനത ആഗ്രഹിക്കുന്നുണ്ടെന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധി നിക്കി ഹാലി. അസദ് സ്ഥാനമൊഴിയുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന വൈറ്റ്ഹൗസ് പ്രസ്താവനക്ക് ശേഷം ദിവസങ്ങള്‍ മാത്രം പിന്നിടുന്ന വേളയിലാണ് ഈ പ്രസ്താവന. അസദിന്റെ രാഷ്ട്രീയ ഭാവി സിറിയന്‍ ജനത തീരുമാനിക്കുമെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞതിന്റെ അര്‍ഥം അദ്ദേഹത്തെ അമേരിക്ക പ്രസിഡന്റായി അംഗീകരിക്കുമെന്നല്ലെന്നും അവര്‍ വിശദീകരിച്ചു. സിറിയന്‍ ജനത ഇനിയൊരിക്കലും അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് ആഗ്രഹിക്കുന്നില്ലെന്നാണ് അമേരിക്ക വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു. അസദിനെ അപലപിക്കുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതും തന്റെ രാജ്യം തുടരുമെന്നും അതോടൊപ്പം റഷ്യയും ഇറാനും അദ്ദേഹത്തിന് നല്‍കുന്ന സഹായങ്ങളും നിരീക്ഷിക്കുമെന്നും ഹാലി പറഞ്ഞു.
അസദിന്റെ ഭാവി സിറിയന്‍ ജനതയാണ് തീരുമാനിക്കേണ്ടതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ വ്യാഴാഴ്ച്ച അങ്കാറ സന്ദര്‍ശിച്ച വേളയില്‍ പറഞ്ഞിരുന്നു. അസദ് അധികാരം ഒഴിയണമെന്ന നിലപാടില്‍ നിന്ന് അമേരിക്ക പിന്നോട്ടടിച്ചതില്‍ റിപബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കൈന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിറിയന്‍ ജനതക്ക് ഒരിക്കലും അസദിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Related Articles