Current Date

Search
Close this search box.
Search
Close this search box.

സിറിയക്ക് പുതിയ ഭരണഘടന; നിര്‍ദേശം റഷ്യയുടേത്

മോസ്‌കോ: സിറിയക്ക് വേണ്ടി തയ്യാറാക്കിയ പുതിയ ഭരണഘടനയുടെ കരട് അസ്താന ചര്‍ച്ചയില്‍ പങ്കെടുത്ത കക്ഷികള്‍ക്ക് വിതരണം ചെയ്തതായി മോസ്‌കോ വ്യക്തമാക്കി. പ്രസിഡന്റിനേക്കാള്‍ പാര്‍ലമെന്റിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭരണഘടന. അതനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രസിഡന്റിന് ഉണ്ടായിരിക്കില്ല. അപ്രകാരം രാജ്യത്തിന്റെ സുപ്രധാന വിഷയങ്ങളിലും സിറിയന്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ മാറ്റുന്നത് സംബന്ധിച്ചും ജനഹിത പരിശോധന നടത്താനുള്ള അധികാരവും പാര്‍ലമെന്റിനായിരിക്കും.
യുദ്ധം, സമാധാനം, രാഷ്ട്രത്തിന്റെ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കല്‍ ഭരണഘടനാ കോടതി അംഗങ്ങളെ നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം പാര്‍ലമെന്റിനായിരിക്കുമെന്ന് കരട് വ്യക്തമാക്കുന്നു. അതേസമയം സായുധ സേനയുടെ അധികാരം അതിന്റെ സുപ്രീം കമാന്‍ഡറായ പ്രസിഡന്റിനായിരിക്കുമെന്നും അത് സൂചിപ്പിക്കുന്നു.
റഷ്യ തയ്യാറാക്കി സിറിയന്‍ കക്ഷികള്‍ക്കിടയില്‍ ഭരണഘടനയുടെ കരട് വിതരണം ചെയ്തിട്ടുണ്ടെങ്കിലും സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കുകയും അതില്‍ ലംഘനങ്ങള്‍ വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്താലല്ലാതെ അത് സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യാറാവില്ലെന്നാണ് സിറിയന്‍ സായുധ പ്രതിപക്ഷത്തിന്റെ നിലപാട്. സിറിയന്‍ പ്രതിപക്ഷത്ത് ഭരണഘടന സംബന്ധിച്ച ചര്‍ച്ചക്ക് പ്രേരിപ്പിക്കുന്ന നിരവധി ഭാഗങ്ങള്‍ ഉള്‍പ്പെടുത്താനും സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് സമ്മര്‍ദം ചെലുത്തുന്നതിനും റഷ്യ ശ്രമിച്ചിട്ടുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് അഭിപ്രായപ്പെടുന്നു. 85 ഖണ്ഡികകളുള്ള ഭരണഘടന കരട് സിറിയന്‍ പ്രതിപക്ഷത്തിനും ഭരണകൂടത്തിനും ഇടയിലുള്ള സങ്കീര്‍ണമായ എല്ലാ വിഷയങ്ങളെയും കൈകാര്യം ചെയ്യുന്നുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles