Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക ജീവിതം ഇസ്‌ലാമിന്റെ മുഖമുദ്ര: വി.ടി അബ്ദുല്ലക്കോയ തങ്ങള്‍

അബ്ബാസിയ്യ: മതത്തിന്റെ സന്തുലിത ജീവിത വീക്ഷണം തിരസ്‌കരിച്ചതും സമഗ്രവും സന്തുലിതവുമായ ജീവിത ദര്‍ശനം എന്ന നിലയില്‍ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളാത്തതുമാണ് മുസ്‌ലിം സമൂഹത്തിനകത്ത് ഇന്ന് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് കാരണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍. ‘മത തീവ്രതക്കും ഭീകരതക്കുമെതിരെ’ എന്ന പ്രമേയത്തില്‍ കെ.ഐ.ജി നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി കേന്ദ്ര കമ്മറ്റി അബ്ബാസിയ്യ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹിക ജീവിതമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. സാമൂഹിക ബാധ്യതകളില്‍ നിന്ന് ഒളിച്ചോടുക ഇസ്‌ലാമിക അധ്യാപനമല്ല. മത തീവ്രതയും ഭീകരതയും മനുഷ്യരാശിക്ക് അത്യന്തം ആപത്ക്കരമാണെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തില്‍ മൈത്രിയും സൗഹാര്‍ദ്ദവും സമാധാനവും നിലനില്‍ക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ പരിശ്രമിക്കണം. ഭീകര പ്രവര്‍ത്തനങ്ങള്‍ മതാധ്യാപനങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും മനുഷ്യത്വത്തിലും മാനവികതയിലും വിശ്വസിക്കുന്ന ഒരാള്‍ക്കും അതിനെ അനുകൂലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി സാമ്രാജ്യത്വ ശക്തികള്‍ ഉണ്ടാക്കിയ അകാരണമായ മുസ്‌ലിം പേടിയാണ് ഇസ്‌ലാമോഫോബിയ എന്ന പേരില്‍ ഇന്ന് ലോകത്ത് പലരെയും ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  
കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ഭീകരവാദത്തിനും തീവ്രതക്കും സമാധാനത്തിന്റെ മതമായ ഇസ്‌ലാമുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാം ഭീകരതയാണ് എന്നാണ് പ്രചാരണം, എന്നാല്‍ ഭീകരത ഇസ്‌ലാമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മതങ്ങള്‍ രണ്ടു തരത്തിലുണ്ട്. പ്രവാചകന്മാരുടെ മതവും പുരോഹിതന്മാരുടെ മതവും. പ്രവാചകന്മാര്‍ ലാളിത്യത്തിലേക്കും നന്മയിലേക്കും നയിക്കുമ്പോള്‍ പുരോഹിതന്മാര്‍ തീവ്രതയിലേക്കും ഭീകരതയിലേക്കും നയിക്കുന്നു. അല്‍ഖാഇദയുടെ പേരില്‍ വ്യാജ വീഡിയോകള്‍ ഉണ്ടാക്കാന്‍ ബ്രിട്ടീഷ് കമ്പനിക്ക് മില്യണ് കണക്കിന് ഡോളറ് ലഭിക്കുന്നു. ആരാണ് ഇത്തരക്കാരുടെ പിന്നിലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles