Current Date

Search
Close this search box.
Search
Close this search box.

സാമൂഹികാന്തരീക്ഷം കലുഷിതമാവാതെ കാത്ത് സൂക്ഷിക്കുക: യൂത്ത്‌ഫോറം

ദോഹ: സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളില്‍ രാജ്യത്ത് മുന്‍പന്തിയില്‍ എത്തി നില്‍ക്കുന്ന കേരളം അതിന്റെ രൂപീകരണത്തിന്റെ അറുപതാം വര്‍ഷം ആഘോഷിക്കുന്ന ഈ വേള ഓരോ മലയാളിയെ സംബന്ധിച്ചിടത്തോളവും അഭിമാനകരമാണെന്ന് യൂത്ത്‌ഫോറം കേന്ദ്രസമിതി അഭിപ്രായപ്പെട്ടു. സാമൂഹ്യാന്തരീക്ഷത്തില്‍ മലയാളികള്‍ പരസ്പരം കാത്തു സൂക്ഷിക്കുന്ന സ്‌നേഹവും സൗഹാര്‍ദ്ദവുമാണ് കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന്റെ കാരണമെന്ന് യൂത്ത്‌ഫോറം കേന്ദ്ര സമിതി അഭിപ്രായപ്പെട്ടു. എന്നാല്‍ സമീപകാലത്ത് നാം കാലങ്ങളായി വളര്‍ത്തിയെടൂത്ത ഈയൊരു സാമൂഹികാവസ്ഥയെ അട്ടിമറിക്കുന്നതിനുള്ള ബോധപൂര്‍ വ്വമായ ശ്രമങള്‍ കണ്ടു വരുന്നു. ഇത്തരം അസഹിഷ്ണുതക്കും വിദ്വേഷങ്ങള്‍ക്കുമെതിരെ സഹവര്‍ത്തിത്തത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി പ്രതിരോധം തീര്‍ക്കണമെന്ന് യൂത്ത്‌ഫോറം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മലയാളികള്‍ ഒന്നടങ്കം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളം നേടിയെടുത്ത എല്ലാ പുരോഗതിയുടെയും പിന്നില്‍ ജാതി മത വര്‍ഗ്ഗഭേദങ്ങള്‍ക്കപ്പുറത്തുള്ള മലയാളികളുടെ ഐക്യമാണ്. ഈ ഐക്യം കാത്തുസൂക്ഷിക്കാന്‍ മുഴുവന്‍ മത, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലുള്ളവരും അണിനിരക്കനമെന്നും യൂത്ത്‌ഫോറം ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിലും വിദ്യഭ്യാസ, ആരോഗ്യ മേഖലകളിലെ ഉന്നമനത്തിലും പ്രവാസികളുടെ പങ്ക് അനിഷേധ്യമാണ്. പ്രാവാസികല്‍ക്ക് സുരക്ഷിത നിക്ഷേപ സാധ്യതകള്‍ ഒരുക്കുന്നതിലും അവരുടെ മൂലധനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലും വോട്ടവകാശം യാത്രാക്ലേശം തുടങ്ങിയ വിഷയങ്ങളില്‍ പ്രവാസികള്‍ക്കൊപ്പം നില്‍ക്കുന്നതിലും മാറിമാറി വരുന്ന സര്‍ക്കാര്‍ തികഞ്ഞ ഉദാസീനതയാണ് കാണിച്ചു പോന്നിട്ടുള്ളത്. കേരള പിറവിയുടെ അറുപതാം ആണ്ട് ആഘോഷിക്കുന്ന ഈ വേളയില്‍ അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെട്ട് പ്രവാസികളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത്‌ഫോറം ആവശ്യപ്പെട്ടു. എല്ലാ മലയാളികള്‍ക്കും യൂത്ത്‌ഫോറം കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് എസ്.എ ഫിറോസ് അധ്യക്ഷത വഹിച്ചു. ബിലാല്‍ ഹരിപ്പാട്, അസ്‌ലം ഇരാറ്റുപേട്ട, തൗഫീഖ് മമ്പാട്, എന്നിവര്‍ സംസാരിച്ചു.

Related Articles