Current Date

Search
Close this search box.
Search
Close this search box.

സാമിഹ് ശുക്‌രിയുടെ ഖുദ്‌സ് സന്ദര്‍ശനം ഇസ്രയേല്‍ അധിനിവേശത്തെ അംഗീകരിക്കലാണ്

ഖുദ്‌സ്: അധിനിവേശത്തിന് കീഴില്‍ ഖുദ്‌സ് സന്ദര്‍ശിച്ച ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രിയുടെ നടപടി കടുത്ത തെറ്റാണെന്ന് ഇസ്രയേലിനകത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷന്‍ ശൈഖ് കമാല്‍ ഖതീബ് വ്യക്തമാക്കി. അതിലൂടെ ഇസ്രയേലിനെയും മസ്ജിദുല്‍ അഖ്‌സക്ക് നേരെ അവര്‍ നടത്തുന്ന കയ്യേറ്റങ്ങളെയും അതിന്റെ ജൂതവല്‍കരണത്തെയും വിഭജനത്തെയും അംഗീകരിച്ചു കൊടുക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ത് ഭരണകൂടം അറബ് ഇസ്‌ലാമിക ലോകത്തേക്കുള്ള ഇസ്രയേലിന്റെ കവാടമായി മാറിയിരിക്കുന്നു. അതിലൂടെ ആഫ്രിക്കയിലേക്കും ഇസ്രയേലിന് വിലക്കുണ്ടായിരുന്ന മറ്റ് പ്രദേശങ്ങളിലേക്കും പാതയൊരുക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വിവരിച്ചു.
ശുക്‌രിയുടെ സന്ദര്‍ശനം സമാധാനത്തിന് കരുത്തു പകരാനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ തെറ്റായ ധാരണയാണത്. അമേരിക്കയും ഇസ്രയേലും നേതൃത്വം നല്‍കുന്ന സഖ്യത്തിന് പ്രദേശത്തിന് മേലുള്ള നിയന്ത്രണം ശക്തിപ്പെടുത്തലാണ് അതിന്റെ ഉദ്ദേശ്യം. ശുക്‌രിയുടെ സാന്നിദ്ധ്യത്തെ ഖുദ്‌സോ ഫലസ്തീനോ സ്വാഗതം ചെയ്യുന്നില്ല. ഈജിപ്ഷ്യന്‍ ജനത ഫലസ്തീന്‍ വിഷയത്തിന് നല്‍കുന്ന പിന്തുണ എല്ലാവര്‍ക്കും അറിയുന്നതാണ്. അതുകൊണ്ട് തന്നെ അവിടത്തെ ജനതയെയും അട്ടിമറി നേതാക്കളെയും ഞങ്ങള്‍ രണ്ടായിട്ട് തന്നെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഖതീബിന്റെ പ്രസ്താവനയോട് ഈജിപ്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച്ചയാണ് ഈജിപ്ത് വിദേശകാര്യ മന്ത്രി ഇസ്രയേല്‍ സന്ദര്‍ശനത്തിനെത്തിയത്. 2007ന് ശേഷം ആദ്യമായിട്ടാണ് ഒരു ഈജിപ്ത് വിദേശകാര്യ മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. പ്രദേശത്ത് സമാധാനം സാക്ഷാല്‍കരിക്കാനുള്ള ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ കാഴ്ച്ചപ്പാടിന്റെ പശ്ചാത്തലത്തിലാണ് തന്റെ സന്ദര്‍ശനമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനൊപ്പം ഖുദ്‌സില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സാമിഹ് ശുക്‌രി പറഞ്ഞു. 1979ല്‍ ഉണ്ടാക്കിയ ക്യാമ്പ് ഡേവിഡ് കരാര്‍ പ്രദേശത്തിന്റെ സുസ്ഥിരതയുടെ അടിസ്ഥാനമാണെന്ന് പത്രസമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു. ഈജിപ്ത് മന്ത്രിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles