Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിന് മഹാരാഷ്ട്ര ഇന്റലിജന്‍സിന്റെ ക്ലീന്‍ചിറ്റ്

മുംബൈ: പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ സാകിര്‍ നായികിനെതിരെ കേസുകളൊന്നുമില്ലെന്ന് വ്യക്തമാക്കി കൊണ്ട് മഹാരാഷ്ട്ര സംസ്ഥാന ഇന്റലിജന്‍സിന്റെ ക്ലീന്‍ചിറ്റ്. ഇന്ത്യയിലേക്ക് മടങ്ങിയാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്നും അറസ്റ്റ് ചെയ്യാനാവില്ലെന്നും ഇന്റലിജന്‍സിന്റെ സ്‌പെഷ്യല്‍ ടീമുമായ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപോര്‍ട്ട് ചെയ്തു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സാകിര്‍ നായിക് ഇന്ത്യയിലും പുറത്തുമായി നടത്തിയ നൂറുകണക്കിന് പ്രഭാഷണങ്ങളുടെ വീഡിയോകള്‍ ഇന്റലിജന്‍സ് സംഘം പരിശോധിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് വിവരിച്ചു.
‘ഇംഗ്ലീഷില്‍ പ്രഭാഷണം നടത്തുന്ന അദ്ദേഹത്തിനെതിരെ കേസെടുക്കാനുള്ള വകുപ്പൊന്നുമില്ല. ഇനി വല്ല സാധ്യതയുമുണ്ടെങ്കില്‍ മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ മാത്രമായിരിക്കുമത്. എന്നാല്‍ അതുതന്നെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ സ്ഥാപിക്കാനാവില്ല. ഞങ്ങള്‍ അദ്ദേഹത്തിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നിയമവിരുദ്ധമായി വല്ലതും അദ്ദേഹം സംസാരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കും. ഞങ്ങളിപ്പോള്‍ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.” എന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.
സൗദിയില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്താന്‍ സാകിര്‍ നായിക് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പ്രസ്തുത തീരുമാനം മാറ്റുകയായിരുന്നു. ധാക്കയിലെ റസ്‌റ്റോറന്റ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളില്‍ രണ്ടുപേര്‍ക്ക് പ്രചോദനമായത് സാകിര്‍  നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണങ്ങളും അന്വേഷണങ്ങളും തുടരവെയാണ് മുംബൈയിലേക്ക് മടങ്ങാനുള്ള തീരുമാനം നായിക്ക് റദ്ദാക്കിയത്.  നായിക്ക് തിരിച്ചത്തെുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിനും ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും മുംബൈയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

Related Articles