Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിനെ ഇന്ത്യയിലേക്കയക്കില്ല, ഇവിടെ തുടരാമെന്ന് മലേഷ്യ

ക്വാലാലംപൂര്‍: പ്രമുഖ ഇസ്‌ലാമിക മത പണ്ഡിതന്‍ ഡോ. സാകിര്‍ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്നും അദ്ദേഹത്തിന് ഇവിടെ തുടരാമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദ് അറിയിച്ചു. അദ്ദേഹം ഏറെ നാളായി ഇവിടെ തുടരുകയാണെന്നും ഇവിടെ അദ്ദേഹം പ്രശ്‌നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും മലേഷ്യ അദ്ദേഹത്തെ നാടുകടത്തില്ലെന്നും മഹാതീര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാലാലംപൂരിലെ ആസ്ഥാന മന്ദിരത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മഹാതീര്‍ ഇക്കാര്യമറിയിച്ചത്.

മുംബൈ സ്വദേശിയായ ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനുമായ സാകിര്‍ നായികിനെതിരെ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ കേസെടുത്തത്. ജനുവരിയില്‍ അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

2016 മുതല്‍ നായിക് വിദേശത്താണ് കഴിയുന്നത്. അദ്ദേഹത്തിന്റെ പ്രസംഗമാണ് 2016ലെ ധാക്കയിലെ കഫേയില്‍ 22 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രചോദനമായതെന്ന് പ്രതികള്‍ പറഞ്ഞതായി ബംഗ്ലാദേശ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസ് ചുമത്തിയതും അറസ്റ്റു ചെയ്യാന്‍ ഉത്തവിട്ടതും. എന്നാല്‍ പത്രം പീന്നീട് ഈ വാര്‍ത്ത തിരുത്തിയിരുന്നു.

സാകിര്‍ നായികിനെ മലേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തു വന്നിരുന്നു. ഈ വാര്‍ത്തകളെല്ലാം മലേഷ്യയിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് മുഹമ്മദ് ഫുസി കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.

നായികിന് മലേഷ്യയില്‍ സ്ഥിരം പൗരത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്‍.ഐ.എ ആണ് നായികിനെതിരെയുള്ള പരാതി അന്വേഷിക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ എന്‍.ജി.ഒയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്(ഐ.ആര്‍.എഫ്) ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും അദ്ദേഹത്തിനെതിരെ കേസ് ചുമത്തിയിരുന്നു.

 

Related Articles