Current Date

Search
Close this search box.
Search
Close this search box.

സല്‍മാന്‍ അല്‍ഔദയെ ഉടന്‍ മോചിപ്പിക്കണം: ലോക മുസ്‌ലിം പണ്ഡിതവേദി

ദോഹ: ലോക മുസ്‌ലിം പണ്ഡിതവേദി സെക്രട്ടറിയേറ്റ് അംഗം സല്‍മാന്‍ അല്‍ഔദ അടക്കമുള്ള പണ്ഡിതന്‍മാരെ അറസ്റ്റ് ചെയ്തതില്‍ പണ്ഡിതവേദി പ്രതിഷേധം രേഖപ്പെടുത്തി. അവദ് അല്‍ഖറനി, അലി അല്‍ഉംരി തുടങ്ങിയ പ്രമുഖ പണ്ഡിതന്‍മാരും അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. പണ്ഡിതന്‍ാരുടെ അറസ്റ്റ് സംബന്ധിച്ച് സൗദിയുടെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്ന് അത് സംബന്ധിച്ച റിപോര്‍ട്ടുകളും അപലപിക്കലുകളും വന്നിട്ടുണ്ട്. പണ്ഡിതവേദിയുടെ മധ്യമ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ശൈഖ് അല്‍ഔദ പ്രബോധന പ്രവര്‍ത്തന രംഗത്ത് നിരവധി സംഭാവനകളര്‍പ്പിച്ചിട്ടുള്ള വ്യക്തിയാണ്.
നിലവിലെ ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഐക്യത്തിന് വേണ്ടി പ്രാര്‍ഥിക്കുകയല്ലാതെ സല്‍മാന്‍ അല്‍ഔദ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ഖറദാഗി പറഞ്ഞു. സല്‍മാന്‍ അല്‍ഔദ, പണ്ഡിതവേദി അംഗമായ ഡോ. അലി അല്‍ഉംരി, ശൈഖ് അവദ് അല്‍ഖറനി തുടങ്ങിയ പണ്ഡിതന്‍മാരെയും പ്രബോധകരെയും അറസ്റ്റ് ചെയ്തതായിട്ടുള്ള വാര്‍ത്ത പണ്ഡിതവേദിയെ ഏറെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും വേദിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ടവരെ ഉടന്‍ വിട്ടയക്കണമെന്നും അവരുടെ സ്വാതന്ത്ര്യം ഹനിക്കരുതെന്നും ഇരുഹറമുകളുടെയും പരിപാലകനായ സൗദി ഭരണാധികാരിയോട് പ്രസ്താവന ആവശ്യപ്പെട്ടു. ഗള്‍ഫ് പ്രതിസന്ധിയെയും പണ്ഡിതന്‍മാരോടുള്ള സമീപനത്തെയും യുക്തിയോടെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിച്ച പണ്ഡിതവേദി പണ്ഡിതന്‍മാരെ രാഷ്ട്രീയ ഭിന്നതകളിലേക്ക് വലിച്ചിഴക്കരുതെന്നും സൗദി ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

Related Articles