Current Date

Search
Close this search box.
Search
Close this search box.

സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്ത് നുവാക്ശൂത് ഉച്ചകോടിക്ക് സമാപനം

നുവാക്ശൂത്: ഫലസ്തീനികള്‍ക്കും ഇസ്രയേലിനും ഇടയില്‍ സമധാനം സ്ഥാപിക്കാനുള്ള ഫ്രഞ്ച് നിര്‍ദേശത്തെ നുവാക്ശൂതില്‍ ചേര്‍ന്ന അറബ് ഉച്ചകോടിയുടെ സമാപന പ്രസ്താവന സ്വാഗതം ചെയ്തു. യമനിലെ പോരടിക്കുന്ന കക്ഷികളോട് ചര്‍ച്ചക്ക് തയ്യാറാവാനും പ്രസ്താവന ആവശ്യപ്പെട്ടു. ഭീകരസംഘടനകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇറാഖിനും ലിബിയക്കും അറബ് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രകാരം സിറിയയില്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു.
അറബ് ലീഗ് ജനറല്‍ സെക്രട്ടറി അഹ്മദ് അബുല്‍ ഗൈത്വ് വായിച്ച ഉച്ചകോടിയുടെ സമാപന പ്രസ്താവനയില്‍ ഇസ്രയേല്‍ കുടിയേറ്റം അവസാനിപ്പിക്കുന്നതിന് വഴിയൊരുക്കുന്നതിന് സമാധാന സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള ഫ്രാന്‍സിന്റെ നിര്‍ദേശം അറബ് നേതാക്കള്‍ സ്വാഗതം ചെയ്തു. കിഴക്കന്‍ ഖുദ്‌സ് ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനുള്ള ഫലസ്തീനികളുടെ അവകാശം വകവെച്ചു കൊടുക്കുന്നതാണ് ഫ്രാന്‍സിന്റെ നിര്‍ദേശം. സിറിയയിലെയും ദക്ഷണ ലബനാനിലെയും ജൂലാന്‍ കുന്നുകളടക്കമുള്ള അറബ് മണ്ണില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര പ്രമേയങ്ങള്‍ നടപ്പാക്കാന്‍ നേതാക്കള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാനും ഇസ്രയേലിന്റെ ആണവ നിലയങ്ങള്‍ അന്താരാഷ്ട്ര പരിശോധകര്‍ക്ക് മുമ്പില്‍ തുറന്നു കൊടുക്കാനും നിര്‍ബന്ധം ചെലുത്താന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെയും അനിവാര്യത് പ്രമേയം ഊന്നിപ്പറഞ്ഞു. സാംസ്‌കാരിക അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടതിന്റെയും ശുദ്ധമായ അറബി ഭാഷയെയും അതിന്റെ പൈതൃകങ്ങളെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പ്രമേയം വ്യക്തമാക്കി. 27ാമത് അറബ് ഉച്ചകോടിയില്‍ ഏഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കന്‍മാര്‍ മാത്രമാണ് പങ്കെടുത്തത്.

Related Articles