Current Date

Search
Close this search box.
Search
Close this search box.

സമാധാനം, മാനവികത ജമാഅത്തെ ഇസ്‌ലാമി ദേശീയ കാമ്പയിന്‍ സെപ്തംബര്‍ ഒന്ന് മുതല്‍

കോഴിക്കോട്: രാജ്യത്തെ സാമുദായിക സൗഹാര്‍ദ്ദം ശക്തിപ്പെടുത്തുക, ബഹുസ്വരതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സമാധാനത്തിന്റയും മാനവികതയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക  എന്നീ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന പീസ് & ഹ്യുമാനിറ്റി കാമ്പയിന്റെ ഭാഗമായി സെപ്തംബര്‍ ഒന്ന് മുതല്‍ 15 വരെ കേരളത്തിലും പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. സമാധാനം മാനവികത എന്ന തലക്കെട്ടില്‍ നടക്കുന്ന പ്രചാരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി നിര്‍വഹിക്കുമെന്നും കോഴിക്കോട് ഹിറ സെന്ററില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഉന്മാദ ദേശീയതാ വാദങ്ങളും മത-സാമുദായിക അതിവാദങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്ന സമകാലിക പശ്ചാത്തലത്തില്‍, സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും സാര്‍വലൗകിക സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ ജനകീയമാക്കുക എന്നതാണ് പരിഹാരം എന്ന് ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നു. പങ്കുവെക്കലിന്റെയും ഉള്‍ക്കൊള്ളലിന്റെയും മഹത്തായ പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട്. ആ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ സംസ്‌കാരം ഉയര്‍ന്നുവരണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു. മത, സാമുദായിക വൈവിധ്യങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് അംഗീകരിച്ചു കൊണ്ട് തന്നെ അവയെ സാഹോദര്യ ബോധം കൊണ്ട് ബന്ധിപ്പിക്കുന്ന സമീപനമാണ് നാം സ്വീകരിക്കേണ്ടത്. അസ്വസ്ഥകരമായ നിലവിലെ സാഹചര്യത്തില്‍ സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട് എന്നതാണ് കാമ്പയിന്റെ പ്രചോദനം.
കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ ഒമ്പതിന് മലബാറിന്റെ സൗഹൃദ പാരമ്പര്യം എന്ന വിഷയത്തില്‍ മലപ്പുറത്ത് സെമിനാര്‍ നടക്കും. സെപ്തംബര്‍ പത്തിന് പറവൂരില്‍ സാഹോദര്യ സമ്മേളനം സംഘടിപ്പിക്കും. സെപ്തംബര്‍ നാലിന് കാസര്‍കോട്ട് ടേബ്ള്‍ ടോക്കും സെപ്തംബര്‍ 15ന് കണ്ണൂരില്‍ മാധ്യമ സെമിനാറും നടക്കും. മത സൗഹാര്‍ദ രംഗത്ത് മികച്ച സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും. മത സൗഹാര്‍ദ രംഗത്ത് മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അത്തരം അനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. സാമുദായിക കാലുഷ്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പ്രത്യേകം പരിപാടികള്‍ നടത്തണം. തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പൊതുകൂട്ടായ്മകളും ജാഗ്രതാ സമിതികളും രൂപീകരിക്കും. സംസ്ഥാനത്തെ 500 കേന്ദ്രങ്ങളില്‍ സൗഹാര്‍ദ കൂട്ടായ്മകള്‍ നിലവില്‍വരും. ഓണം, ബലിപെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച്  പ്രത്യേക പരിപാടികളും സംഘടിപ്പിക്കുമെന്നും പത്രകുറിപ്പില്‍ വിവരിച്ചു.

Related Articles