Current Date

Search
Close this search box.
Search
Close this search box.

സമസ്ത;പ്രാര്‍ത്ഥനാ ദിനം ആചരിച്ചു

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രാര്‍ത്ഥനാദിനമായി പ്രഖ്യാപിച്ച ഇന്നലെ മദ്‌റസള്‍ കേന്ദ്രീകരിച്ച് അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും നടന്നു. വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പതിനായിരത്തോളം മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ പണ്ഡിതരും ഉമറാക്കളും സംഘടനാ പ്രവര്‍ത്തകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ അതാത് പ്രദേശത്തെയും ജനങ്ങള്‍ സംഗമിച്ചു.
പള്ളി-മദ്‌റസകള്‍ സ്ഥാപിച്ചും ദീനീ പ്രവര്‍ത്തനങ്ങള്‍ നടത്തിയും അവിശ്രമം പ്രവര്‍ത്തിച്ചു മണ്‍മറഞ്ഞുപോയ മഹാന്മാരെ സ്മരിക്കുന്നതിനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടി ഓരോ വര്‍ഷവും റബീഉല്‍ ആഖിറിലെ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ച പ്രകാരമാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ളവരുടെ രോഗ ശമനത്തിനും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മര്‍ദ്ദിത ജനവിഭാഗത്തിനുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടന്നു.
സംസ്ഥാന തല ഉദ്ഘാടനം പൊന്നാട് തഅ്‌ലീമുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി മദ്‌റസയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. ഓമാനൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് കെ.എസ്. ഇബ്രാഹീം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ശംസുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ഫൈസി, മുഹമ്മദ് ബഷീര്‍ മുസ്‌ലിയാര്‍, പി.എം. ബാപ്പു, യു. മുഹമ്മദ് ഹാജി, സി.ടി. ബിച്ചാപ്പു എന്നിവര്‍ പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ ദാരിമി സ്വാഗതവും ബീരാന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles