Current Date

Search
Close this search box.
Search
Close this search box.

സമത്വവും സമാധാനവും വെല്ലുവിളി നേരിടുന്നു: കെ.പി. രാമനുണ്ണി

അല്‍ഖോബാര്‍: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേകതകളായ സമത്വവും സമാധാനവും ഇന്ന് കനത്ത ഭീഷണി നേരിടുകയാണെന്ന് പ്രമുഖ എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. ദമ്മാം കിംഗ് ഫഹദ് പാര്‍ക് ഓഡിറ്റോറിയത്തില്‍ അഖില സൗദി തലത്തില്‍ തനിമ നടത്തുന്ന ‘സമാധാനം മാനവികത’ കാമ്പയിനിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയുടേയും വിഭാഗീയതയുടേയും മൂലകാരണം അസമത്വമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ദിനേന വര്‍ധിച്ചുവരികയാണ്. അശ്ലീലമായ സാമ്പത്തിക സംസ്‌കാരമാണ് രാജ്യത്ത് വളര്‍ന്നു വരുന്നത്. നവീന മുതലാളിത്ത സംസ്‌കാരം സമൂഹത്തെ ഛിദ്രമാക്കുകയാണ്. അതിലൂടെ സമൂഹത്തില്‍ തിന്മയും പടര്‍ത്തുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ കുതിച്ചുചാട്ടവും അതിനെ തുടര്‍ന്നുണ്ടായ പുരോഗതിയും ലോകത്തിന്റെ നിലനില്‍പിനെ തന്നെ വെല്ലുവിളിക്കുന്ന തരത്തില്‍ അപകടകരമായ സംസ്‌കാരമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഫാഷിസം അതിന്റെ എല്ലാ ശക്തിയും ആര്‍ജ്ജിച്ച് ഇന്ത്യയിലിന്ന് സാഹോദര്യത്തിനും സമാധാനത്തിനും തുരങ്കം വെക്കുന്നുവെന്നും ഇതിനെ മറികടക്കാന്‍ മനുഷ്യസ്‌നേഹികള്‍ ഒന്നിക്കേണ്ടതുണ്ട്. എന്ന് അദ്ദേഹം വ്യക്തമാക്കി.
തനിമ അഖില സൗദി തലത്തില്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 11 വരെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സമാധാനവും മാനവികതയും പ്രവാചകന്റെ സന്ദേശമാണെന്നും ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് കാമ്പയിന്‍ ലക്ഷ്യം വെക്കുന്നതെന്നും സൗഹൃദ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് തനിമ കേന്ദ്ര പ്രസിഡണ്ട് സി. കെ. മുഹമ്മദ് നജീബ് പറഞ്ഞു. കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ കെ.എം. ബഷീര്‍ കാമ്പയിന്‍ പ്രമേയം വിശദീകരിച്ചു. മന്‍സൂര്‍ പള്ളൂര്‍, ശ്രീദേവി മേനോന്‍, ജോസഫ് തെരുവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തനിമ കേന്ദ്ര ജനറല്‍ സെക്രട്ടറി ഉമര്‍ ഫാറൂഖ് സ്വാഗതം പറഞ്ഞു. അബ്ദുല്‍ കരീം ഖിറാഅത്ത് നടത്തി. യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡണ്ട് മുഹമ്മദ് അമീന്‍, തനിമ അല്‍ ഖോബാര്‍, ദമ്മാം, ജുബൈല്‍ സോണല്‍ പ്രസിഡണ്ടുമാരായ മുജീബ് റഹ്മാന്‍, മുഹമ്മദ് സിറാജ്, അക്ബര്‍ വാണിയമ്പലം, യൂത്ത് ഇന്ത്യ അല്‍ ഖോബാര്‍, ദമ്മാം, ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡണ്ടുമാരായ അനീസ് അബൂബക്കര്‍, ഷാനവാസ്, മുഹമ്മദ് അനസ്, തനിമ വനിതാ വിഭാഗം നേതാക്കളായ ബുഷ്‌റ സലാഹുദ്ധീന്‍, ഫാസിന ബഷീര്‍, ഫൗസിയ ഷാജഹാന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. കെ. പി. രാമനുണ്ണിക്കുള്ള തനിമയുടെ ഉപഹാരം തനിമ കേന്ദ്ര പ്രസിഡണ്ട് സി. കെ. മുഹമ്മദ് നജീബ് സമ്മാനിച്ചു. കാമ്പയിന്റെ ഭാഗമായി തനിമ പുറത്തിറക്കുന്ന ഗാനാവിഷ്‌കാരത്തിന്റെ സി.ഡി. പ്രകാശനം ശ്രീദേവി മേനോന് നല്‍കി കെ.പി. രാമനുണ്ണി നിര്‍വഹിച്ചു.
കാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തിന് കൊഴുപ്പേകിക്കൊണ്ട് നടന്ന കലാവിരുന്ന് ശ്രദ്ധേയമായി. നൃത്തവും സംഗീതവും നാടകവും മൂകാഭിനിയവുമെല്ലാം ഇഴചേര്‍ത്ത് കാഴ്ചയുടെ മാമാങ്കം തീര്‍ത്ത ‘ഈണം’ വന്‍ കരഘോഷത്തോടെയാണ് സദസ്യര്‍ സ്വീകരിച്ചത്. ഗ്രാമീണ നന്മകള്‍ തനതായി പകര്‍ത്തി സമാധാനത്തിലും മാനവികതയിലും ഊന്നിയ വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി അല്‍ ഖോബാര്‍, ദമ്മാം, ജുബൈല്‍ സോണുകളിലെ കലാകാരന്മാര്‍ തയ്യാറാക്കിയ വ്യത്യസ്ത കലാരൂപങ്ങള്‍ ഒരൊറ്റ സ്‌ക്രിപ്റ്റില്‍ കോര്‍ത്തിണക്കി ഇടവേളയില്ലാതെ അവതരിപ്പിച്ചത് സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് പുതിയ അനുഭവമായിരുന്നു. കൂട്ടായ്മ നഷ്ടപ്പെടുന്നതിന്റെ നൊമ്പരങ്ങളും വേദനകളും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും വളരെ സരസമായും അതോടൊപ്പം ഗൗരവതരമായും അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ക്ക് കഴിഞ്ഞു. നാട്ടിലെ ഒരു ചായക്കടയില്‍ നടക്കുന്ന സ്വാഭാവിക ചര്‍ച്ചകളും അഭിപ്രായങ്ങളും കോര്‍ത്തിണക്കി നഈം ചേന്നമംഗല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ വേഷമിട്ടത് അല്‍ കോബാറിലെ യൂത്ത് ഇന്ത്യസ്റ്റുഡന്റ്‌സ് ഇന്ത്യ-തനിമ പ്രവര്‍ത്തകരായ അബ്ദുല്‍ റഊഫ്, മുഹമ്മദ് ഇല്യാസ് ചേളന്നൂര്‍, മുഹമ്മദ് ഇജാസ് കൊല്ലം, റമീഷ് മാളിക്കടവ്, തൊയ്യിബ് പൊന്നാനി, ഷജീര്‍ ചേന്നമംഗല്ലൂര്‍, നജ്മുസ്സമാന്‍, സിദാന്‍ കരീം, നബീല്‍ നൈസാം എന്നിവരായിരുന്നു. കെ.പി. ഹൈദര്‍, ഷബീര്‍ കണ്ണൂര്‍ എന്നിവര്‍ എഡിറ്റിങ് നിര്‍വഹിച്ചു. വെല്‍ക്കം ഡാന്‍സ്, കേരളനടനം, വഞ്ചിപ്പാട്ട്, പുലിക്കളി, നാടന്‍ പാട്ട്, ഒപ്പന, ഡാന്‍ഡിയ, മൈമിംഗ്, സംഘഗാനം, സംഗീത ശില്‍പം എന്നീ കലാരൂപങ്ങള്‍ നടനവൈഭവം കൊണ്ടും അഭിനയത്തികവ് കൊണ്ടും കാണികള്‍ക്ക് നവോന്മേഷം പകര്‍ന്നു.
സമ്മേളനത്തിന് പ്രോഗ്രാം കണ്‍വീനര്‍ ഷബീര്‍ ചാത്തമംഗലം, അസിസ്റ്റന്റ് കണ്‍വീനര്‍ റിയാസ് കൊച്ചി, മുഹമ്മദ് കോയ, എ.സി.എം. ബഷീര്‍, ആസിഫ് കക്കോടി, അഷ്‌കര്‍, അബ്ദുല്‍ ഗഫൂര്‍ മങ്ങാട്ടില്‍, വി.എന്‍. അബ്ദുല്‍ ഹമീദ്, ലിയാഖത്ത്, മുഹമ്മദ് ജഅ്ഫര്‍, സി. കോയ, മുഹമ്മദ് ഫൈസല്‍, സുബൈര്‍ പുല്ലാളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാജിദ് ആറാട്ടുപുഴ അവതാരകനായിരുന്നു.

Related Articles