Current Date

Search
Close this search box.
Search
Close this search box.

ഷാഉല്‍ ആരോണെ ബന്ധിയാക്കിയതിന്റെ രംഗങ്ങള്‍ അല്‍ഖസ്സാം പുറത്തുവിട്ടു

ഗസ്സ: 2014ലെ ഇസ്രയേലിന്റെ ഗസ്സ ആക്രമണ സമയത്ത് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാമിന്റെ പ്രത്യേക സംഘം ഇസ്രയേല്‍ സൈനികന്‍ ഷാഉല്‍ ആരോണെ ബന്ധിയാക്കിയ ഓപറേഷന്റെ രംഗങ്ങള്‍ അല്‍ഖസ്സാം പുറത്തുവിട്ടു. ഗസ്സയുടെ കിഴക്കുള്ള തുഫ്ഫാ പ്രദേശത്ത് ഇസ്രയേല്‍ സൈന്യത്തിനെതിരെ അല്‍ഖസ്സാം നടത്തിയ ഓപറേഷന്‍ സംബന്ധിച്ച പുതിയ വിവരങ്ങളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. പ്രസ്തുത ഓപറേഷനിലാണ് ആരോണ്‍ എന്ന ഇസ്രയേല്‍ സൈനികനെ ബന്ധിയാക്കിയതെന്ന് രംഗങ്ങള്‍ വ്യക്തമാക്കുന്നു.
പ്രസ്തുത നുഴഞ്ഞു കയറ്റ ഓപറഷനിലൂടെ എട്ട് ഇസ്രയേലേല്‍ സൈനികരെയാണ് അല്‍ഖസ്സാം ബ്രിഗേഡ്‌സ് വളരെ അടുത്ത് നിന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രസ്തുത ഓപറേഷന് നേതൃത്വം നല്‍കിയ അഹ്മദ് അല്‍ജമാസിയും അതില്‍ രക്തസാക്ഷിയായിരുന്നു.
ഹമാസ് ബന്ധികളാക്കിയവരെന്ന് കരുതുന്ന നാല് ഇസ്രയേല്‍ സൈനികരുടെ ഫോട്ടോകള്‍ കഴിഞ്ഞ ഏപ്രിലില്‍ അല്‍ഖസ്സാം പുറത്തുവിട്ടിരുന്നു. അവരെ സംബന്ധിച്ച ഒരു വിവരവും സൗജന്യമായി നല്‍കില്ലെന്ന് അല്‍ഖസ്സാം വക്താവ് അബൂഉബൈദ വ്യക്തമാക്കുകയും ചെയ്തതാണ്. കഴിഞ്ഞ യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യത്തില്‍ നിന്ന് കാണാതായ ഷാഉല്‍ ആരോണും ഹദാര്‍ ഗോള്‍ഡും പ്രസ്തുത ഫോട്ടോകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹമാസ് തടഞ്ഞുവെച്ചിരിക്കുന്ന രണ്ട് സൈനികരുടെ മൃതദേഹങ്ങളെ കുറിച്ച് മാത്രമാണ് ഇസ്രേയല്‍ പറയുന്നത്.

Related Articles