Current Date

Search
Close this search box.
Search
Close this search box.

ശരീഅത്ത് വാഹകര്‍ അത് ജീവിതത്തില്‍ പകര്‍ത്തുന്നവരാകണം: വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍

മലപ്പുറം: ശരീഅത്തിനെയും മുസ്‌ലിം പേഴ്‌സണല്‍ ലോയെയും സംരക്ഷിക്കുന്നതിനുള്ള ആദ്യത്തെയും അവസാനത്തെയും മാര്‍ഗം, അത് ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും സന്നദ്ധരാവുകയെന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. ‘സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്’ ദേശീയ കാമ്പയിന്റെ ഭാഗമായി മലപ്പുറം ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട സംസ്ഥാനതല വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീഅത്തിനെയും അതിന്റെ വളരെ ചെറിയ ഭാഗമായ മുസ്‌ലിം പേഴ്‌സണല്‍ ലോയെയും വിശദമായി പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും അദ്ദേഹം മുസ്‌ലിംകളെ ആഹ്വാനം ചെയ്തു. ദൈവികമായ ശരീഅത്ത് നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്ത രാഷ്ട്രീയക്കാരും ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും നിയമജ്ഞരും അതിനെ അധിക്ഷേപിക്കുന്നത് ജുഗുപ്‌സാവഹമാണ്.ഖുര്‍ആന്റെയും സുന്നത്തിന്റെയും ആത്മാവും ചൈതന്യവും ഉള്‍ക്കൊണ്ട് മുസ്‌ലിം പേഴ്‌സണല്‍ ലോ പരിഷ്‌കരിക്കേണ്ടതുണ്ട്. ശരീഅത്തിനെതിരെയുള്ള ബാഹ്യാക്രമണങ്ങള്‍ പരാജയപ്പെടുത്താന്‍ മുസ്‌ലിംകള്‍ വിചാരിച്ചാല്‍ ഒരു പ്രയാസവുമില്ല. മുസ്‌ലിംകള്‍ ശരീഅത്ത് ശിരസ്സാ വഹിക്കാന്‍ തയ്യാറായാല്‍ മതി. എന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡണ്ട് എ. റഹ്മത്തുന്നീസ അധ്യക്ഷത വഹിച്ചു. മുസ്‌ലിം സ്ത്രീകള്‍ മുത്തലാഖ് മുഖേന അനുഭവിക്കുന്ന പ്രയാസത്തെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും റഹ്മത്തുന്നീസ അപലപിച്ചു. സമത്വവും സ്വാതന്ത്ര്യവും ലിംഗനീതിയും ഉറപ്പുവരുത്തുന്ന ഇസ്‌ലാമിക ശരീഅത്ത് ശരിയായ രീതിയില്‍ നടപ്പാക്കുകയാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡണ്ട് ടി.കെ. ജമീല, സംസ്ഥാന സമിതിയംഗം സി.വി. ജമീല, വിങ്‌സ് പ്രസിഡണ്ട് ഡോ. തസ്‌നീം ഫാത്വിമ, ജിഐഒ സംസ്ഥാന സെക്രട്ടറി ഫസ്‌ന മിയാന്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം പി.വി. റഹ്മാബി സമാപന പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി ആര്‍.സി. സ്വാബിറ സ്വാഗതവും ജില്ലാ സെക്രട്ടറി സി.എച്ച്. സാജിത നന്ദിയും പറഞ്ഞു.

Related Articles