Current Date

Search
Close this search box.
Search
Close this search box.

‘ശരീഅഃ’ പോലുള്ള നിയമങ്ങള്‍ വേണമെന്ന് രാജ് താക്കറെ

അഹ്മദ്‌നഗര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ‘ശരീഅഃ’ (ഇസ്‌ലാമിക നിയമം) പോലുള്ള നിയമം വേണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. അഹ്മദ്‌നഗറില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെയും സ്ത്രീകളെയും ബലാല്‍സംഗം ചെയ്ത് കൊല്ലുന്നവരുടെ കൈകളും കാലുകളും വെട്ടണമെന്ന് രാജ് താക്കറെ പറഞ്ഞു. അഹ്മദ്‌നഗര്‍ ജില്ലയിലെ കൊപര്‍ഡിയിലാണ് 15 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങള്‍. കഴിഞ്ഞ കോണ്‍ഗ്രസ്- എന്‍.സി.പി സര്‍ക്കാറിനേക്കാള്‍ മോശമാണ് തങ്ങളെന്നാണ് നിലവിലെ സര്‍ക്കാര്‍ സ്വയം തെളിയിക്കുന്നതെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ശരീഅ പോലുള്ള നിയമങ്ങള്‍ രൂപീകരിക്കേണ്ടത് അനിവാര്യമാണ്. സാമൂഹ്യവിരുദ്ധ ശക്തികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. അതുകൊണ്ട് കര്‍ക്കശമായ നിയമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. എന്നും രാജ് താക്കറെ കൂട്ടിചേര്‍ത്തു. സാധാരണ നിലയില്‍ നിയമനടപടികളില്‍ വരുന്ന കാലതാമസം കുറ്റവാളികള്‍ക്ക് പരോക്ഷമായ പ്രോത്സാഹനം നല്‍കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles