Current Date

Search
Close this search box.
Search
Close this search box.

വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ആണവ പരിപാടി പുനരാരംഭിക്കും: റൂഹാനി

തെഹ്‌റാന്‍: ഇറാനുമായി ഉണ്ടാക്കിയ ആണവ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ ലംഘിച്ചാല്‍ ആണവപരിപാടി സജീവമായി പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. യു.എന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളും ജര്‍മനിയുമാണ് 2015 ജൂലൈ 14ന് ആണവ കരാര്‍ ഒപ്പുവെച്ചത്. രണ്ടു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു പ്രസ്തുത കരാര്‍. ആണവ കരാറിന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ തെഹ്‌റാനില്‍ ചേര്‍ന്ന യോഗത്തിലാണ് റൂഹാനി ഇക്കാര്യം പറഞ്ഞതെന്ന് ഇറാന്‍ ന്യൂസ് ഏജന്‍സിയായ ‘ഇര്‍ന’ വ്യക്തമാക്കി.
ഉടമ്പടിയിലെ വ്യവസ്ഥകളുടെ ലംഘനം അതിലെ എല്ലാ കക്ഷികള്‍ക്കും ദോഷം ചെയ്യും. കരാര്‍ ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അതിന്റെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉടമ്പടി ലോകത്ത് ലോകത്തിന് സമാധാനവും സുസ്ഥിരതയും നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രങ്ങള്‍ വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ ആണവ പരിപാടി സജീവമായി പുനരാരംഭിക്കാനുള്ള ശേഷിയും കഴിവും ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉടമ്പടിയിലൂടെ ഇറാനിലേക്കുള്ള ആയുധ ഇറക്കുമതിക്കുണ്ടായിരുന്ന വിലക്ക് നീങ്ങിയിട്ടുണ്ടെന്നും പ്രതിരോധ ശേഷി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും റൂഹാനി സൂചിപ്പിച്ചു.

Related Articles