Current Date

Search
Close this search box.
Search
Close this search box.

വേള്‍ഡ് വിഷന്‍ ഫണ്ട് ഹമാസിന് നല്‍കിയിട്ടില്ല: മുഹമ്മദ് അല്‍ഹലബി

ഗസ്സ: വേള്‍ഡ് വിഷന്‍ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ ഗസ്സയിലെ ഡയറക്ടര്‍ മുഹമ്മദ് അല്‍ഹലബി സംഘടനയുടെ ഫണ്ട് ഹമാസിന് മറിച്ചു കൊടുത്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുഹമ്മദ് മഹ്മൂദ് വ്യക്തമാക്കി. 2010 മുതല്‍ വേള്‍ഡ് വിഷന്റെ ഗസ്സയിലെ ഡയറക്ടറായി സേവനം ചെയ്യുന്ന അദ്ദേഹത്തെ ജൂണ്‍ മധ്യത്തിലാണ് ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വിഷന്റെ യാതൊരു ഫണ്ടും തന്റെ കക്ഷി ഹമാസിന് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ ദരിദ്രര്‍ക്ക് ചെലവഴിക്കുന്നതിനുള്ള വേള്‍ഡ് വിഷന്‍ ഫണ്ടില്‍ നിന്ന് ഓരോ വര്‍ഷവും 2.7 മില്യണ്‍ ഡോളര്‍ ഹമാസ് പോരാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനും പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിനും മറിച്ചു നല്‍കിയിട്ടുണ്ടെന്ന് അല്‍ഹലബി കുറ്റസമ്മതം നടത്തിയതായിട്ടാണ് ഇസ്രയേല്‍ സുരക്ഷാ വിഭാഗം പറയുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ചയിലെ അദ്ദേഹത്തിന്റെ വിചാരണാ വേളയില്‍ താന്‍ അവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഇസ്രയേല്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നുമാണ് അഭിഭാഷകന്‍ മഹ്മൂദ് പറഞ്ഞത്. അല്‍ഹലബിക്ക് വേണ്ടി വേള്‍ഡ് വിഷന്‍ നിശ്ചയിച്ച അഭിഭാഷകനാണ് മഹ്മൂദ്.
ഇസ്രയേല്‍ ആരോപണങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് വേള്‍ഡ് വിഷന്‍ വ്യക്തമാക്കി. സംഘടനയുടെ സഹായം തങ്ങളുദ്ദേശിക്കുന്നവര്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കുന്നതിന് സൂക്ഷ്മമായ നിരീക്ഷണം നടത്തുമെന്നും അവര്‍ പറഞ്ഞു. ഇസ്രയേല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സംഘടന കരുതുന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles