Current Date

Search
Close this search box.
Search
Close this search box.

വേറിട്ട പാഠ്യേതര പദ്ധതികളുമായി മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

കോഴിക്കോട്: അറിവനുഭവങ്ങള്‍ക്കപ്പുറം സ്‌കൂള്‍ അന്തരീക്ഷം ആരോഗ്യദായകവും ആനന്ദകരവുമാക്കുന്നതിന് വേണ്ടി മര്‍കസ് ഇംഗ്ലീഷ് സ്‌കൂളില്‍ ആരംഭിച്ചിട്ടുളള ആക്റ്റിവിറ്റി ഡേ ശ്രദ്ധേയമാകുന്നു. ക്ലാസ് റൂം പഠനങ്ങള്‍ക്കപ്പുറം ആരോഗ്യമുളള ശരീരവും, മനസ്സും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് സ്‌കൂള്‍ ഇതുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ആഴ്ചയില്‍ എല്ലാ ബുധനാഴ്ചയും രണ്ട് മണിക്കൂര്‍ വീതമാണ് താത്പര്യമുളള ഇനങ്ങളില്‍ വിദഗ്ദമായ പരിശീലനം നല്‍കുന്നത്. വിരസമായ ക്ലാസ് റൂം പഠനത്തില്‍ നിന്നും ഒരു മുക്തി എന്ന നിലയില്‍ വളരെയധികം ഉത്സാഹത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തുന്നത് എന്ന സന്തോഷം രക്ഷിതാക്കളും അധ്യാപകരും പങ്കുവെയ്ക്കുന്നു.
ശാരീരിക കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലുപരി നേതൃ പാടവം, സാമൂഹിക പ്രതിബദ്ധത, അച്ചടക്കം, ഏകാഗ്രത, ചിട്ട, അനുസരണ, സഹകരണ മനോഭാവം എന്നിവ കൂടി വളര്‍ത്തിക്കൊണ്ട് വരാന്‍ ഇത് വളരെയധികം സഹായിക്കുന്നു എന്ന് സ്‌കൂളിന്റെ സീനിയര്‍ പ്രിന്‍സിപ്പള്‍ അമീര്‍ ഹസ്സന്‍ ഓസ്‌ട്രേലിയ വിലയിരുത്തുന്നു. സോക്കര്‍, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, കബഡി, കുങ്ഫു, കളരി, കരാട്ടെ ഫോട്ടോഗ്രഫി, കാലിഗ്രഫി, റോളര്‍ സ്‌കേറ്റിംഗ്, കുതിര സവാരി തുടങ്ങിയ പതിനെട്ടോളം ഇനങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തും മികവ് തെളിയിച്ച അധ്യാപകരാണ് പരിശീലനം നല്‍കുന്നത്. കുതിര സവാരിയില്‍ പരിശീലനം നല്‍കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം സ്‌കൂളുകളില്‍ പെട്ട ഒന്നാണ് മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ധാരാളം പഠിതാക്കളും വിദേശികളും അവധി ദിവസങ്ങളിലും സ്‌കൂളില്‍ പരിശീലനത്തിന് എത്തുന്നുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് ഹനീഫ് അസ്ഹരി പങ്ക് വെച്ചു. അസി. പ്രിന്‍സിപ്പാള്‍ റംസി മുഹമ്മദ്, ഒബ്‌സേര്‍വര്‍ മുഹമ്മദ് ദില്‍ഷാദ്, ഹെഡ്മിസ്ട്രസുമാരായ സുലൈഖ, സീനത്ത് മൊയ്തു എന്നിവരടങ്ങിയ സമര്‍പ്പിത യുവനിരയാണ് സ്‌കൂള്‍ നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Related Articles