Current Date

Search
Close this search box.
Search
Close this search box.

വെല്ലുവിളികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്: എര്‍ദോഗാന്‍

വാര്‍സോ: സിറിയയിലെയും ഇറാഖിലെയും യുദ്ധം തുടരുന്നത് സംബന്ധിച്ച വെല്ലുവിളികളെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തന്റെ രാജ്യം നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ പോളിഷ് പ്രസിഡന്റ് ആന്ദ്‌സെ ദൂതക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. സിറിയയിലെയും ഇറാഖിലെയും സംഘര്‍ഷങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ തന്റെ രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രകോപനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയമാകുന്നുണ്ടെന്നും അതിന്റെ ഫലമായി 35 ലക്ഷത്തോളം പേര്‍ തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ടെന്നും അവരെ സ്വീകരിക്കാന്‍ 30 ബില്യണിലേറെ ഡോളര്‍ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ 2016 ജൂലൈയില്‍ 300 കോടി യൂറോയും 2016ന്റെ അവസാനത്തില്‍ മറ്റൊരു 300 കോടി യൂറോയും തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 88.5 കോടി യൂറോ മാത്രമാണ്  നല്‍കിയിയിട്ടുള്ളത്. യൂണിയന്‍ അംഗത്വത്തിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന രാജ്യമായ തുര്‍ക്കിയുടെ പൗരന്‍മാര്‍ക്ക് മേല്‍ യൂറോപ്യന്‍ യൂണിയന്‍ വിസ നിര്‍ബന്ധമാക്കുന്നത് പോലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് മേല്‍ നിര്‍ബന്ധമാക്കുന്നില്ല. യൂണിയന്‍ അംഗത്വം ലഭിക്കാന്‍ 1963 മുതല്‍ തുര്‍ക്കി ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. തുര്‍ക്കിക്ക് ശേഷം അപേക്ഷ നല്‍കിയ പല രാഷ്ട്രങ്ങള്‍ക്കും അതില്‍ അംഗത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കിയുടെ അത്ര തന്നെ നിലവാരമില്ലാത്തതും താരതമ്യപ്പെടുത്താന്‍ പോലും സാധ്യമല്ലാത്തതുമായ പല രാഷ്ട്രങ്ങളും അക്കൂട്ടത്തിലുണ്ട്. ഞങ്ങളുടെയും നിങ്ങളുടെയും സമയം പാഴാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. തുര്‍ക്കിയുടെ അംഗത്വത്തിനുള്ള അപേക്ഷ നിരസിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ അത് തുറന്നു പറയണം. അത് സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നുള്ള പിന്‍മാറ്റത്തിന് തുടക്കം കുറിക്കുന്നത് ഞങ്ങളായിരിക്കില്ല. എന്നും എര്‍ദോഗാന്‍ വിശദീകരിച്ചു.

Related Articles