Current Date

Search
Close this search box.
Search
Close this search box.

വിവാദ കാര്‍ട്ടൂണ്‍; വിചാരണ നേരിടുന്ന ജോര്‍ദാന്‍ എഴുത്തുകാരന്‍ കൊല്ലപ്പെട്ടു

അമ്മാന്‍: ഇസ്‌ലാമിനെ അവഹേളിക്കുന്ന തരത്തില്‍ വിവാദ കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തുവെന്ന കുറ്റത്തിനു വിചാരണ നേരിടുന്ന എഴുത്തുകാരന്‍ നാഹിദ് ഹട്ടര്‍ കോടതിക്കു മുന്നില്‍ വെടിയേറ്റു മരിച്ചു. അബാദാലി ജില്ലയിലെ അമ്മാന്‍ കോടതിക്കു മുന്നില്‍വെച്ച് ആക്രമി മൂന്നു തവണ വെടിയുതിര്‍ത്താണ് ഹട്ടറിനെ കൊലപ്പെടുത്തിയത്. കൊലപാതകിയെ പൊലീസ് ഉടന്‍ അറസ്റ്റ്‌ചെയ്തുവെന്നും ഔദ്യോഗിക ന്യൂസ് ഏജന്‍സി ‘പെട്ര’ റിപോര്‍ട്ട് ചെയ്തു. കോടതിയിലേക്ക് പ്രവേശിക്കാനിരിക്കെ വളരെ അടുത്തു നിന്നാണ് 56കാരനായ ഹട്ടറിന് നേരെ അക്രമി വെടിയുതിര്‍ത്തത്.
സ്ത്രീയോടൊപ്പം സ്വര്‍ഗത്തിലെ മത്തെയില്‍ കിടന്ന് പുകവലിക്കുന്ന മനുഷ്യന്‍ ദൈവത്തോട് വൈനും അണ്ടിപ്പരിപ്പും കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണ്‍ പോസ്റ്റ്‌ചെയ്തതിന് ക്രിസ്ത്യന്‍ എഴുത്തുകാരനെ ആഗസ്റ്റ് 13നാണ് അറസ്റ്റ്‌ചെയ്തത്. വിവാദ കാര്‍ട്ടൂണ്‍ വരച്ചത് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല.
പോസ്റ്റ് വിവാദമായതോടെ ഹട്ടറുടെ പ്രവൃത്തി കുറ്റകരവും മതത്തെ അവഹേളിക്കുന്നതുമാണെന്ന് വാദിച്ചു ജോര്‍ദാനിലെ മുസ്‌ലിംകള്‍ രംഗത്തത്തെിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും കാര്‍ട്ടൂണിനുമെതിരെ ശക്തമായ രോഷമുയര്‍ന്നു. കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഭീകരവാദികളുടെ ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നതാണ് കാര്‍ട്ടൂണെന്നും ഒരുതരത്തിലും ദൈവത്തിന്റെ ദിവ്യത്വം ധിക്കരിക്കുന്നതല്ലെന്നും വിശദീകരിച്ച് എഴുത്തുകാരന്‍ ഫേസ്ബുക് പോസ്റ്റ് നീക്കംചെയ്തിരുന്നു.
കാര്‍ട്ടൂണ്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നതിനിടയാക്കിയ ഹട്ടര്‍ കുറ്റകരമായ തെറ്റാണ് ചെയ്തിരിക്കുതെന്ന് പിന്നീട് ജോര്‍ദാന്‍ ഭരണകൂടം കണ്ടത്തെി. സെപ്റ്റംബര്‍ ആദ്യ വാരം ജാമ്യത്തില്‍ പുറത്തിറങ്ങും മുമ്പ് മതസ്പര്‍ധക്ക് പ്രേരിപ്പിച്ചുവെന്ന കാരണത്താല്‍ എഴുത്തുകാരനെതിരെ കുറ്റവും ചുമത്തിയിരുന്നു. ഹട്ടറുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്കു മുന്നില്‍ കനത്ത പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles