Current Date

Search
Close this search box.
Search
Close this search box.

വിലക്കിനെതിരെ കോടതിയെ സമീപിക്കും: സാകിര്‍ നായികിന്റെ അഭിഭാഷകന്‍

മുംബൈ: പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ സാകിര്‍ നായികിന്റെ മേല്‍നോട്ടത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധവും അനീതിയുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുബീന് സോല്‍കര്‍ പറഞ്ഞു. അതിനെതിരെ നിയമത്തിന്റെ വഴികള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപ്രകാരം ഒരു സംഘടനക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍ അതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ ഒരു കോപ്പി ആ സംഘടനക്ക് കൂടി അയക്കേണ്ടതുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അത്തരം ഒരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മുബീന്‍ പറഞ്ഞു. ഈ നിരോധനം അനീതിയാണെന്നും അന്യായമായിട്ടാണ് ഇതില്‍ യു.എ.പി.എ ചുമത്തിയിട്ടുള്ളതെന്നും ഞങ്ങള്‍ക്ക് വളരെ വ്യക്തമാണ്. യു.എ.പി.എയുടെ ദുരുപയോഗമായിട്ടാണ് ഞങ്ങളതിനെ കാണുന്നത്. ഒരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് 153-എ വകുപ്പ് അനുശാസിക്കുന്ന കുറ്റകൃത്യം ചെയ്യണം. എന്നാല്‍ ഐ.ആര്‍.എഫ് അത്തരത്തിലൊന്നും ചെയ്തിട്ടില്ല. എന്നും അഭിഭാഷകന്‍ കൂട്ടിചേര്‍ത്തു.
സാകിര്‍ നായികിന്റെ പ്രസംഗങ്ങളുടെ പേരിലാണ് ഐ.ആര്‍.എഫിന് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷനെ നിരോധിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ വിലക്ക് പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.

Related Articles