Current Date

Search
Close this search box.
Search
Close this search box.

വിലക്കയറ്റം,തൊഴിലില്ലായ്മ: തുനീഷ്യയില്‍ പ്രതിഷേധക്കാരും പൊലിസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

 

തൂനിസ്: രാജ്യത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരേ തെരുവിലിറങ്ങിയ ജനങ്ങളും പൊലിസും തമ്മില്‍ സംഘര്‍ഷം. തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിനിടെ പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

രാജ്യത്ത് നിലനില്‍ക്കുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും നികുതി വര്‍ധനവിനുമെതിരെ തെരുവിലിറങ്ങിയ ജനങ്ങളും പൊലിസും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പടിഞ്ഞാറന്‍ തുനീസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ തിബോര്‍ബയിലായിരുന്നു ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

മരിച്ച യുവാവിന് നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും ടിയര്‍ഗ്യാസില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് മരണകാരണമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടത്തിന് തീവച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നും തുടര്‍ന്നാണ് പൊലിസ് പ്രതിഷേധക്കാര്‍ക്കു നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചതും ലാത്തിവീശിയതെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2011ലെ അറബ് വസന്തത്തോടെ ജനാധിപത്യ ഭരണകൂടം നിലവില്‍ വന്ന രാജ്യമാണ് തുനീഷ്യ. അതിനു ശേഷം രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ജനുവരി ഒന്നു മുതലാണ് ഇവിടെ പ്രതിഷേധം കനത്തത്. ഇന്ധന വില വര്‍ധനവ്,അവശ്യ സാധനങ്ങളുടെ വിലക്കയറ്റം,കാറുകളുടെ നികുതി വര്‍ധന,ഫോണ്‍ വിളി,ഇന്റര്‍നെറ്റ് എന്നിവക്കു ചെലവ് കൂടല്‍,ഹോട്ടല്‍ താമസം തുടങ്ങി എല്ലാ മേഖലയിലും ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. വിദേശ ബാങ്കുകളുമായി ചേര്‍ന്ന് ചെലവു ചുരുക്കല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണിത്. രാജ്യത്തെ വിവിധങ്ങളായ 10 നഗരങ്ങളില്‍ പ്രതിഷേധം കനത്തിട്ടുണ്ട്.

 

Related Articles