Current Date

Search
Close this search box.
Search
Close this search box.

വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുസ്‌ലിം സ്ത്രീകള്‍ പ്രാപ്തരാവണം: പി. റുക്‌സാന

തിരുവമ്പാടി: സമകാലിക സാഹചര്യത്തില്‍ ഇസ്‌ലാമിനും മുസ്‌ലിം സ്ത്രീകള്‍ക്കും എതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളിലൂന്നി മറുപടി പറയാന്‍ മുസ്‌ലിം സ്ത്രീകള്‍ പ്രാപ്തരാവേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്‌സാന. തിരുവമ്പാടി ഹിദായ മഹല്ല് സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. മറ്റ് വേദഗ്രന്ഥങ്ങള്‍ പറയാത്ത പ്രബുദ്ധമായ സ്ത്രീകളുടെ ചരിത്രം ഖുര്‍ആനിലും പ്രവാചക ചരിത്രത്തിലും നമുക്ക് കാണാന്‍ സാധിക്കും. അഭ്യസ്തവിദ്യരായ സ്ത്രീകളെ ഇന്ന് ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം ഇതുതന്നെയാണ്. വ്യക്തി കുടുംബം സമൂഹം എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സന്തോഷവും അന്തസ്സും വ്യക്തിത്വവും ഇസ്‌ലാം അവര്‍ക്ക് വകവെച്ചു നല്‍കുന്ന അഭിമാനവുമാണ് അവരെ അതിലക്ക് ആകര്‍ഷിക്കുന്നത്. എന്നും അവര്‍ പറഞ്ഞു.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ജമാഅത്തെ ഇസ്‌ലാമി സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഏറെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയാണ് അവര്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ക്ക് തുടക്കം കുറിച്ചതെന്നും സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച തിരുവമ്പാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ റംല ചോലക്കല്‍ അഭിപ്രായപ്പെട്ടു. ഷഹീറ നസീഫ് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിക്കുകയും അന്‍സിയ, ഫുആദ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുകയും ഫിദ ആശംസ നേര്‍ന്ന് സംസാരിക്കുകയും ചെയ്തു. ഷാഹിന മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷാഹിന ഗഫൂര്‍ സ്വാഗതവും മൈമൂന മുഹമ്മദ് നന്ദിയും പറഞ്ഞു.
നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 25 വരെ നീണ്ടു നില്‍ക്കുന്ന ഹിദായ മഹല്ല് സംഗമത്തിന്റെയും അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ 35ാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് വനിതാ സംഗമം സംഘടിപ്പിച്ചത്. ഫാമിലി കൗണ്‍സലിംഗ്, പ്രീ&പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗ്, വിദ്യാര്‍ഥി സംഗമം, യുവജനസംഗമം, മെഡിക്കല്‍ ക്യാമ്പ്, കലാ കായിക മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.

Related Articles