Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം: കെ.എന്‍.എം

കോഴിക്കോട്: രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ച് കൊണ്ട് കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനായി വിദ്വേഷ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കോഴിക്കോട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന നേതൃകണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന് കേരളത്തില്‍ തന്നെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരസ്പരം അറിഞ്ഞും സഹകരിച്ചും സൗഹാര്‍ദ്ദപരമായും നിലനില്‍ക്കുന്ന കേരളീയരെ മതത്തിന്റെ പേരില്‍ വര്‍ഗീയവല്‍ക്കരിക്കാനും വെറുപ്പ് പ്രചരിപ്പിക്കുവാനും ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യം തിരിച്ചറിയണമെന്നും കെ.എന്‍.എം ഓര്‍മിപ്പിച്ചു.
വര്‍ഗീയത പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ കൂട്ടമായ മുന്നേറ്റം അനിവാര്യമാണ്. മതേതര ഇന്ത്യയും മനുഷ്യ സൗഹാര്‍ദ്ദവും ലക്ഷ്യമിടുന്ന മുഴുവന്‍ ജനങ്ങളുടെയും യോജിച്ച മുന്നേറ്റങ്ങളിലൂടെ മാത്രമേ വര്‍ഗീയതയുടെ വ്യാപനം തടയാന്‍ സാധിക്കുകയൊള്ളൂ രാഷ്ട്രത്തിന്റെ ബഹുസ്വരതയെയും നാനാത്വത്തില്‍ ഏകത്വത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുകയും അവര്‍ക്കെതിരെ കൂട്ടമായ മുന്നേറ്റവുമാണ് ആസൂത്രണം ചെയ്യേണ്ടത്. ഉന്നതഭരണ സിരാകേന്ദ്രങ്ങളിലിരുന്നവരുടെ വിരമിക്കലിനു ശേഷമുള്ള വെളിപ്പെടുത്തലും വെളിപാടുകളും പൊതുസമൂഹം പുഛത്തോടെയാണ് കാണേണ്ടത്. അതിന്റെ പ്രചാരണം വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകും. സിനിമകളിലെ രംഗങ്ങള്‍ പോലും യഥാര്‍ത്ഥ സംഭവങ്ങളായി പ്രചരിപ്പിക്കുകയും അത് വഴി വര്‍ഗീയ ധ്രുവീകരണം നടത്തുകയും ചെയ്യുന്നതും അത് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഏറ്റെടുക്കുകയും ചെയ്യുന്ന ദുരവസ്ഥ ഏറെ ഖേദകരമാണ്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംസ്‌കാര ശൂന്യരെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം തയ്യാറാവണം. മതേതരജനാധിപത്യ സംഘടനകളിലെ ഭിന്നിപ്പുകളും ദൗര്‍ബല്യവും മുതലെടുത്താണ് വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ വളരുന്നതും അധികാരത്തിലെത്തുന്നതും. മതേതര ഇന്ത്യ എന്ന മഹത്തായ ആശയത്തിന് വേണ്ടി സങ്കുചിത താല്‍പര്യങ്ങള്‍ക്ക് മാറ്റിവെച്ചു കൊണ്ട് ഐക്യപ്പെടാന്‍ ജനാധിപത്യ ഇന്ത്യ തയ്യാറാകണമെന്ന് കെ.എന്‍.എം നേതാക്കള്‍ ആവശ്യപ്പെട്ടു.
കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടിപി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു. കെജെയു വര്‍ക്കിംഗ് പ്രസിഡണ്ട് സിപി ഉമര്‍ സുല്ലമി, കെജെയു സെക്രട്ടറി എം മുഹമ്മദ് മദനി, പികെ അഹ്മദ് സാഹിബ്, കെ.എന്‍.എം ഓര്‍ഗനൈസിംഗ് സെക്രട്ടറി എ അസ്ഗറലി, കെ.എന്‍.എം സംസ്ഥാന സെക്രട്ടറിമാരായ എം അബ്ദുറഹ്മാന്‍ സലഫി, സ്വലാഹുദ്ദീന്‍ മദനി, പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഡോ. സുല്‍ഫീക്കര്‍ അലി, എംടി അബ്ദുസ്സമദ് സുല്ലമി, ഡോ. പിപി അബ്ദുഹഖ്, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷാ എന്നിവര്‍ സംസാരിച്ചു.

Related Articles