Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ത്ഥികളെ മൂല്യബോധമുള്ളവരായി വളര്‍ത്തിയെടുക്കുക: ടി. ആരിഫലി

കൊണ്ടോട്ടി: വിദ്യാര്‍ത്ഥികളെ മികവും മൂല്യബോധമുള്ളവരുമായി വളര്‍ത്തി പാശ്ചാത്യ ഭാഷയും മാതൃഭാഷയും അഭ്യസിപ്പിച്ച് സനാതന ധര്‍മ്മങ്ങളില്‍ ഊന്നി നിന്നുകൊണ്ട് ലോകത്തോട് സംവദിക്കാന്‍ പ്രാപ്തരാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനും ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ടി. ആരിഫലി പറഞ്ഞു. മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികാഘോഷം ‘ഹ്യൂസ് എന്‍ ഫിയെസ്റ്റ ’17’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളിലൊന്ന് ചേരിപ്രദേശത്തുള്ള കുട്ടികളെ വിദ്യ അഭ്യസപ്പിക്കുവാനും ശുചിത്വത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുവാനുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ രീതിയില്‍ മാറ്റം വന്നു കൊണ്ടിരിക്കും. എന്നാല്‍ മൂല്യങ്ങള്‍ മാറരുത് മൂല്യങ്ങള്‍ സനാതനമാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെ സന്ദേശമാണ് വിദ്യാര്‍ത്ഥികള്‍ സമുഹത്തിന് കൈമാറേണ്ടത്. ഒരോ മാഗസിനും നിശ്വാസങ്ങളും ഓര്‍മ്മകളും പ്രതീക്ഷകളും ആണെന്ന് സ്‌കൂള്‍ മാഗസിനും സ്‌കൂള്‍ 8ാം തരം വിദ്യാര്‍ത്ഥി സല്‍വ സലാമിന്റെ ‘വേഡ്‌സ് എന്‍ വേഴ്‌സസ്’ എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്തുകൊണ്ട് പ്രശസ്ത എഴുതുകാരനും ആര്‍ട്ടിസ്റ്റുമായ പോള്‍ കല്ലാനോട് പറഞ്ഞു. അനുഭവങ്ങളിലൂടെയും തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെയും പാഠമുള്‍ക്കൊണ്ടവരാണ് ജീവിതം കൊണ്ട് ചരിത്രം സൃഷ്ടിച്ചവര്‍ എന്ന് അദ്ദേഹം പറഞ്ഞു.
മര്‍കസുല്‍ ഉലൂം സ്‌കൂളിനുള്ള ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ സമര്‍പ്പണം മെന്റര്‍ മാനേജ് കണ്‍സള്‍ട്ടന്‍സിന്റെ ബിസിനസ് ഹെഡ് ലിബിന്‍ ബേബിയില്‍ നിന്ന് എ.ഐ.സി. ട്രസ്റ്റ് ചെയര്‍മാന്‍ ടി. ആരിഫലി ഏറ്റുവാങ്ങി. സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ മുന്‍സീര്‍ സി. അവതരിപ്പിച്ചു. സംസ്ഥാന തലത്തില്‍ വിവിധ പരിപാടിയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ.സി. ട്രസ്റ്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.എന്‍. മീരാന്‍ അലി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളില്‍ ദീര്‍ഘകാലം ജോലി ചെയ്ത് വിട പറഞ്ഞ മര്‍ഹൂം താഹിറലി മുള്ളുങ്ങലിനുള്ള ഓര്‍മ്മോപഹാരം പിതാവ് മുള്ളുങ്ങല്‍ മുഹമ്മദലിക്ക് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കെ. അബ്ദുസ്സലാം മാസ്റ്റര്‍ കൈമാറി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 11 മണി വരെ മര്‍കസ് വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണശബളമായ കലാവിരുന്നും അരങ്ങേറി.
സ്‌കൂള്‍ മനേജറും അന്‍സാറുല്‍ ഇസ്‌ലാം ട്രസ്റ്റ് സെക്രട്ടറിയുമായ ഒ. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം കെ.കെ., പ്രീസ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഫസലുല്‍ ഹഖ്, മോറല്‍ ഡയറക്ടര്‍ സമീര്‍ വടുതല എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എഡിറ്റര്‍ സുലൈഖ സ്‌കൂള്‍ മാഗസിന്‍ പരിചയപ്പെടുത്തി. സ്‌കൂള്‍ ഹെഡ് ബോയ് സല്‍മാന്‍ മുഹമ്മദ് പ്രാര്‍ത്ഥനയും സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ അമീന ജഹാന്‍ ടി.പി. സ്വാഗതവും പ്രീസ്‌കൂള്‍ ഹെഡ് സജിന സി.എ നന്ദിയും പറഞ്ഞു.

Related Articles