Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസം സമൂഹത്തിന്റെ പുനര്‍സൃഷ്ടിക്ക്: പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്

വടക്കാങ്ങര: സ്‌നേഹവും സാഹോദര്യവും സഹകരണവും ഉദ്‌ഘോഷിക്കുന്ന മികച്ച സമൂഹത്തിന്റെ പുനര്‍സൃഷ്ടിയാണ് വിദ്യാഭ്യാസത്തിന്റെ പരമ ലക്ഷ്യമെന്നും ബന്ധങ്ങള്‍ പോലും വാണിജ്യവല്‍ക്കരിക്കപ്പെടുന്ന സമകാലിക ലോകത്ത് ഈ വിഷയത്തില്‍ സമൂഹം ജാഗ്രത്താകണമെന്നും കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി വടക്കാങ്ങര നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂലധന ശക്തികള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ഉറപ്പാക്കുമ്പോള്‍ വിദ്യാഭ്യാസ രംഗവും കടുത്ത വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. ധാര്‍മികതയും മൂല്യബോധവും സര്‍വ്വോപരി മനുഷ്യ സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസത്തിനു മാത്രമെ ഉദാത്തമായ സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളൂ. സംസ്‌കാരത്തിലും സദാചരത്തിലും കാഴ്ച്ചയിലും കാഴ്ച്ചപ്പാടിലും മനുഷ്യനെ വ്യതിരിക്തമാക്കുന്ന തരത്തില്‍ വിദ്യാഭ്യാസം നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അനുപേക്ഷ്യമാണ്. അന്തര്‍വൈയക്തിക ബന്ധം, പൗരബോധം, സ്വാശ്രയത്വം എന്നിവയാണ് വിദ്യാഭ്യാസത്തിലുൂടെ മുഖ്യമായും ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ഗുണത്തിലും അളവിലും മികവിന്റെ കേന്ദ്രമായി കേരളം മാറുമ്പോള്‍ ലഭ്യമായ അവസരങ്ങളും സൗകര്യങ്ങളും പരമാവധി പ്രയോജനപ്പടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
വടക്കാങ്ങരയില്‍ നിന്നും പൊതുപരീക്ഷകളിലും മത്സരപരീക്ഷകളിലും ഉന്നതവിജയം നേടിയവരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു. അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിലിറ്റ് ബിരുദം നേടിയ അമാനുല്ല വടക്കാങ്ങരയേയും റോട്ടറി ക്ലബ്ബിന്റെ മികച്ച പ്രസിഡന്റിനുള്ള പുരസ്‌കാരം നേടിയ മുഹമ്മദുണ്ണി ഒളകരയേയും അദ്ദേഹം പൊന്നാട നല്‍കി ആദരിച്ചു. നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ യു.പി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിന്ധ്യ ഐസക്, ആറ്റക്കോയ തങ്ങള്‍, അറക്കല്‍ സൈതലവി, അനീസ് ചുണ്ടയില്‍ സംസാരിച്ചു. സ്‌ക്കൂള്‍ മാനേജര്‍ യാസര്‍ വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

Related Articles