Current Date

Search
Close this search box.
Search
Close this search box.

വിംഗ്‌സ് എറണാകുളം ചാപ്റ്റര്‍ രൂപീകരിച്ചു

കളമശ്ശേരി: പ്രൊഫഷണലുകളായ മുസ്‌ലിം വനിതകളുടെ കൂട്ടായ്മയായ വിംഗ്‌സിന്റെ (വിമണ്‍സ് ഇനിഷ്യേറ്റീവ് ടു നര്‍ച്ചര്‍ ഗ്രോത്ത് ഓഫ് സൊസൈറ്റി) എറണാകുളം ചാപ്റ്റര്‍ ലോഞ്ചിങ് കളമശ്ശേരി സീ പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടന്നു. കളമശ്ശേരി ആര്‍.ഐ സെന്റര്‍ ട്രൈനിംഗ് ഓഫീസര്‍ ശ്രീമതി കെ.എ. ആബിദ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫഷണലുകളായ വനിതകളുടെ കഴിവുകള്‍ മുഴുവന്‍ സമൂഹത്തിനും ഗുണകരമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും ത്വലാഖ് പോലുള്ള ഇസ്‌ലാമിക നിയമങ്ങള്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ആധുനിക കാലത്ത് ഇസ്‌ലാം മുസ്‌ലിം സ്ത്രീകള്‍ക്ക് നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കാനും നിയമപരമായ സഹായങ്ങള്‍ ലഭ്യമാക്കാനും വിംഗ്‌സ് മുന്നിട്ടിറങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ വനിതാ വിഭാഗം ആക്ടിംഗ് പ്രസിഡണ്ട് സുമയ്യ നാസര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം കോഡിനേറ്റര്‍ പി.എ. സമീന സ്വാഗതം പറഞ്ഞു. ഗ്രൂപ്പ് അഡ്മിന്‍ സീനത്ത് ബാനുവിന്റെ ഖുര്‍ആനില്‍ നിന്ന് അവതരണത്തോടെ തുടങ്ങിയ യോഗത്തിന്റെ ഉപസംഹാരം ലൈല. എം.പി നടത്തി. യോഗത്തില്‍ വിംഗ്‌സിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മെഹനാസ് അശ്ഫാഖ് (പ്രസിഡണ്ട്), സഫിയാഖാന്‍ ടി.എം (വൈസ് പ്രസിഡണ്ട്), ഹാദിയ ഇ.എം (സെക്രട്ടറി), രക്ഷാധികാരി റഫീഖാ ബീവി. എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സായി സുഹറ. കെ.എം, സഹല അബ്ദുല്‍ഖാദര്‍, സറീന ജാസ്മിന്‍, സുബൈദ റഹീം, എ.എ. റുക്‌സാന, സഹീറ തങ്ങള്‍, ഹബീബ ഹുസൈന്‍ എന്നിവരെ തെരഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിവാഹിതരാകാന്‍ പോകുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൃത്യമായ കൗണ്‍സിലിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടത് ആവശ്യമാണെന്നും ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ വിദ്യാഭ്യാസപരമായി പിറകില്‍ നില്‍ക്കുന്നത് കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. വിദ്യാഭ്യാസം കരസ്ഥമാക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനാവശ്യമായ ഗൈഡന്‍സ് നല്‍കണം. പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ വിദ്യാഭ്യാസപരമായി ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടതിന്റെ ആവശ്യകത വിംഗ്‌സ് എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി. 

Related Articles