Current Date

Search
Close this search box.
Search
Close this search box.

വാര്‍ത്തയുടെ ലോകത്തേക്ക് വെളിച്ചം വീശി കെ.ഐ.ജി മാധ്യമ ശില്‍പശാല

അബൂഹലീഫ: വിവര വിസ്‌ഫോടനത്തിന്റെ ആധുനിക യുഗത്തില്‍ വാര്‍ത്തകളുടെ പ്രാഥമിക പാഠങ്ങള്‍ മുതല്‍ പത്ര ദൃശ്യമാധ്യമ രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ വരെ പരിചയപ്പെടുത്തി നടന്ന മാധ്യമ ശില്‍പശാല വേറിട്ട കാഴ്ച്ചയായി. ലോകത്തിലെ രാഷ്ട്രീയ സാമൂഹിക ചലനങ്ങളെ സ്വാധീനിക്കുവാന്‍ പാകത്തില്‍ മാധ്യമഭീമന്മാര്‍ വളര്‍ന്നിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ സത്യസന്ധവും നീതിപൂര്‍വ്വവുമായ മാധ്യമ പ്രവര്‍ത്തനത്തിന് ഏറെ പ്രസക്തിയുണ്ടെന്നു ശില്പശാല ഉദ്ഘാടനം ചെയ്ത കെ.ഐ.ജി ജനറല്‍ സെക്രട്ടറി ശരീഫ് പി.ടി പറഞ്ഞു. മാധ്യമ രംഗത്ത് ഫാസിസ്റ്റ് ശക്തികളുടെ സ്വാധീനം അവരെ അധികാരത്തിലേറാന്‍ സഹായിച്ചതിന്റെ നേര്‍ ചിത്രമാണ് കഴിഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തു നമ്മുടെ രാജ്യം കണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചരിത്രത്തിന്റെ ആഴങ്ങളില്‍ മണ്ണിട്ട് മൂടുമായിരുന്ന പല സംഭവങ്ങളും മാധ്യമ പ്രവര്‍ത്തകരുടെ ധീരമായ ഇടപെടല്‍ കൊണ്ടാണ് പുറംലോകമറിഞ്ഞതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.ഐ.ജി ഈസ്റ്റ് മേഖല പ്രസിഡന്റ് കെ.മൊയ്തു ചൂണ്ടിക്കാട്ടി. പത്രമാധ്യമ രംഗത്തെ വാര്‍ത്താ ശേഖരണവും റിപ്പോര്‍ട്ടിങ്ങും വളരെ സരസമായി ‘News Hunting & Reporting’ എന്ന തലക്കെട്ടില്‍ ഗള്‍ഫ് മാധ്യമം സബ് എഡിറ്റര്‍ മുസ്തഫ അവതരിച്ചു. ഏതൊരു സംഭവവും ശ്രദ്ധയില്‍ പെടുമ്പോള്‍ അതില്‍ ഒരു വാര്‍ത്ത കണ്ടെത്താനുള്ള സെന്‍സ് മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട പ്രാഥമികഗുണമായിരിക്കണമെന്നു അദ്ദേഹം സൂചിപ്പിച്ചു. ദൃശ്യമാധ്യമ രംഗത്തെ വാര്‍ത്താ പ്രക്ഷേപണത്തെയും സാങ്കേതിക സംവിധാനങ്ങളെയും പരിചയപ്പെടുത്തികൊണ്ട് ‘Broadcast Journalism & Media Production’ എന്ന തലക്കെട്ടില്‍ മീഡിയ വണ്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് മുനീര്‍ അഹമദ് നടത്തിയ പ്രസന്റേഷന്‍ ശ്രദ്ധേയമായി. ന്യൂസ് സ്റ്റുഡിയോവിലെ ഏറ്റവും പുതിയ സാങ്കേതിക സംവിധാങ്ങളും തല്‍സമയ സംപ്രേക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളും പ്രസന്റേഷന്‍ സഹായത്തോടെ അവതരിപ്പിച്ചപ്പോള്‍ പലപ്പോഴും കേവലം കാഴ്ച്ചക്കാരായി മാത്രം ടെലിവിഷന്‍ സ്‌ക്രീനിനു മുമ്പിലിരിക്കുന്ന സദസ്സിന് നവ്യാനുഭവമായി അത് മാറി. ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകളെ പരിചയപ്പെടുത്തികൊണ്ട് കുവൈത്തിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ട്രെയിനറുമായ ബിഷാറ മുസ്തഫ പ്രസന്റേഷന്‍ അവതരിപ്പിച്ചു. ഫോട്ടോഗ്രാഫിയോട് അല്പം അഭികാമ്യവും ചെറിയ ശ്രദ്ധയുമുണ്ടായാല്‍ മികച്ച ഫോട്ടോഗ്രാഫറാകാന്‍ സാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മാധ്യമരംഗത്തെ പഠനത്തെ കുറിച്ചു പങ്കെടുത്തവരുടെ ആവേശവും ആകാംക്ഷയും പ്രകടമാകുന്നതായിരുന്നു ഓരോ പ്രേസേന്റെഷന് ശേഷവും നടന്ന ചോദ്യോത്തര സെഷന്‍. കെ.ഐ.ജി ഈസ്റ്റ് മേഖല പ്രസ് & മീഡിയ വിഭാഗമാണ് ശില്‍പശാല സംഘടിപ്പിച്ചത്. പ്രോഗ്രാം കണ്‍വീനര്‍ റഫീഖ് ബാബു ശില്‍പശാലക്കു നേതൃത്വം നല്‍കി. ചടങ്ങില്‍ അതിഥികള്‍ക്ക് കെ.ഐ.ജി യുടെ ഉപഹാരം കൈമാറി. ഈസ്റ്റ് മേഖല ജനറല്‍ സെക്രെട്ടറി സാജിദ് എ.സി സ്വാഗതവും ട്രെഷറര്‍ ശറഫുദ്ധീന്‍ എസ്.എ.പി നന്ദിയും പറഞ്ഞു. ഹാരിസ് കെ.എം ഖിറാഅത്ത് നടത്തി.

Related Articles