Current Date

Search
Close this search box.
Search
Close this search box.

വളരെ ശാന്തനായാണ് ഉര്‍ദുഗാന്‍ അട്ടിമറി ശ്രമത്തെ അഭിമുഖീകരിച്ചത്

ഇസ്തംബൂള്‍: അട്ടിമറി നടന്ന രാത്രിയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍ വളരെ ശാന്തനായാണ് അതിനോട് പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്റെ മരുമകനും ഊര്‍ജ്ജ – പ്രകൃതിവിഭവ മന്ത്രിയുമായ ബറാത് അല്‍ബയ്‌റാക് പറഞ്ഞു. മര്‍മറിസ് ഹോട്ടലിലായിരുന്ന അദ്ദേഹത്തോട് ഏതെങ്കിലും ഗ്രീക്ക് ദ്വീപിലേക്ക് കടക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ ദേഷപ്പെട്ട തള്ളുകയാണ് അദ്ദേഹം ചെയ്തതെന്നും അല്‍ബയ്‌റക് പറഞ്ഞു.
ജൂലൈ 15 രാത്രിയിലെ സംഭവത്തെ അല്‍ബയ്‌റക് വിവരിക്കുന്നതിങ്ങനെ: കുടുംബത്തോടൊപ്പം മര്‍മറിസ് ഹോട്ടലിലായിരുന്നു അദ്ദേഹം. പ്രസിഡന്റിന്റെ ഭാര്യാ സഹോദരനായ റിട്ടയേഡ് അധ്യാപകന്‍ സിയാഅ് ഇല്‍ഗനാണ് അട്ടിമറി ശ്രമത്തെ കുറിച്ച് ആദ്യമായി എന്നെ അറിയിച്ചത്. തുര്‍ക്കിയില്‍ സൈനിക അട്ടിമറിയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കുടുംബ സദസ്സില്‍ നിന്നും ഞാനും പ്രസിഡന്റും മറ്റൊരു മുറിയിലേക്ക് മാറി വിഷയം അദ്ദേഹത്തെ അറിയിച്ചു. ആ സമയത്ത് അദ്ദേഹം ഇന്റലിജന്‍സ് മേധാവിയെയും സൈനിക മേധാവിയെയും പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിമിനെയും ബന്ധപ്പെടാന്‍ ശ്രമിച്ചു. അവസാനം ബന്ധപ്പെടാന്‍ സാധിച്ചു. അപ്പോള്‍ അട്ടിമറി ശ്രമം ഉണ്ടെന്ന് ഉറപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
ഒരു തുര്‍ക്കി ടെലിവിഷന്‍ ചാനലിനോടാണ് അല്‍ബയ്‌റക് ഇക്കാര്യങ്ങള്‍ വിവരിച്ചത്. ഇതിനിടയില്‍ ഇസ്തംബൂള്‍ ഗവര്‍ണറുമായും നഗരത്തിന്റെ സുരക്ഷാ മേധാവിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അട്ടിമറി ശ്രമമുണ്ടായ സമയത്തെ ഉര്‍ദുഗാന്റെ മാനസികാവസ്ഥയെ കുറിച്ചും അദ്ദേഹം ടെലിവിഷനിലൂടെ വിവരിച്ചു. ഉര്‍ദുഗാന്‍ അംഗശുദ്ധി വരുത്തി രണ്ട് റക്അത്ത് നമസ്‌കരിച്ച ശേഷമായിരുന്നു അട്ടിമറി ശ്രമത്തെ അഭിമുഖീകരിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles