Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയ ധ്രുവീകരണം രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു: എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: സംഘ്പരിവാറിന്റെ വര്‍ഗീയ ധ്രുവീകരണം രാജ്യത്തെ അരാജകത്വത്തിലേക്കാണ് നയിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം കോഴിക്കോട് സംഘടിപ്പിച്ച സാഹോദര്യ സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലുഷ്യങ്ങള്‍ തകര്‍ത്തെറിഞ്ഞ രാജ്യങ്ങളെപ്പോലെ നമ്മുടെ രാജ്യം മാറാതിരിക്കാന്‍ അതിജാഗ്രത ആവശ്യമാണ്. എത്ര പ്രകോപന സാഹചര്യമുണ്ടായാലും വര്‍ഗീയ ധ്രുവീകരണത്തിന്റെ വഴികള്‍ തെരഞ്ഞെടുക്കാതെ മാനവികമായ കരുത്തോടെ ഫാഷിസത്തെ പ്രതിരോധിക്കാന്‍ അഭിപ്രായഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഗമം ഉദ്ഘാടനം ചെയ്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് അഭിപ്രായപ്പെട്ടു. ശിക്ഷിക്കപ്പെടുകയില്ലെന്ന ഉറപ്പിലാണ് ആള്‍ക്കൂട്ടങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നത്. ഭരണകൂട ഒത്താശയും പ്രത്യയശാസ്ത്ര പിന്‍ബലവും ഇതിനുണ്ട്. തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ടരാണെന്ന വംശീയബോധമാണ് ക്രിമിനലുകളെ നയിക്കുന്നത്. മനുഷ്യജീവനേക്കാള്‍ പശുവിന് പ്രാധാന്യം നല്‍കുന്ന സാഹചര്യമാണുള്ളത്. ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിലവിലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പോരായ്മകളുണ്ട്. നിയമമുണ്ടെങ്കിലും നടപ്പിലാക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ആള്‍ക്കൂട്ട അതിക്രമങ്ങള്‍ നിയമത്തില്‍ നിര്‍വചിക്കുന്നില്ല. മാത്രമല്ല, കുറ്റകൃത്യത്തിനുപയോഗിച്ച ആയുധം തിരിച്ചറിയല്‍, കുറ്റവാളിയെ തരിച്ചറിയല്‍, സാക്ഷികള്‍ തുടങ്ങിയ സങ്കീര്‍ണതകളിലൂടെ കടന്നുപോകുന്നതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പൊതുവെ പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല. ആള്‍ക്കൂട്ട അതിക്രമങ്ങളെ നിര്‍വചിക്കുകയും കുറ്റവാളികള്‍ക്കും അതിന് പ്രേരണനല്‍കുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കുമെല്ലാം ശിക്ഷ നിര്‍ദേശിക്കുന്ന നിയമമാണ് രാജ്യത്തിനാവശ്യം. പുതിയ നിര്‍വചനം നല്‍കിക്കൊണ്ട് നിയമനിര്‍മാണം നടത്തുകയാണ് വേണ്ടത്. പാര്‍ലമെന്റ് അംഗങ്ങളും സംസ്ഥാന സര്‍ക്കാറുകളും സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അസമത്വവും ദാരിദ്ര്യവുമാണെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോഴത് അസഹിഷ്ണുതയായി മാറിയിരിക്കയാണെന്ന് ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ പറഞ്ഞു. ദലിതരെയും മുസ്‌ലിംകളെയുമൊക്കെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് അകറ്റിനിര്‍ത്തി ആക്രമിക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിക്കുന്നു. ജനാധിപത്യത്തിലൂടെയാണ് പലപ്പോഴും സ്വേച്ഛാധിപതികള്‍ ഉയരുന്നത്. വൈവിധ്യങ്ങളുടെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അനുവദിച്ചുകൂടെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്ക് ഏറ്റ പരാജയമാണ് മോദിയെയും കാത്തിരിക്കുന്നതെന്ന് എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. സംഘ്പരിവാറിന്റെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ചാലും പ്രതിരോധിക്കാത്ത മുസ്‌ലിംകളെയാണ് ഭീകരവാദികളായി ചിലര്‍ മുദ്രകുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോരക്ഷയുടെ കാലത്തെ മുസ്‌ലിം വേട്ടക്കും ആര്‍.എസ്.എസ് അജണ്ടകള്‍ക്കുമെതിരെ ഐക്യത്തോടെ പൊരുതണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രാണന്‍ പകുത്തുനല്‍കി നേടിയെടുത്ത സ്വാതന്ത്ര്യം ആര്‍.എസ്.എസ് കാര്യാലയത്തിന് മുന്നില്‍ അടിയറവെക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ നമുക്കാവണമെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ഭീതിദമായ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അനൈക്യപ്പെടുന്നത് വേദനജനകമാണെന്ന് ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു.
മാധ്യമംമീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, കെ.പി. രാമനുണ്ണി, ഹമീദ് വാണിയമ്പലം, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, കെ. അംബുജാക്ഷന്‍, കെ.കെ. കൊച്ച്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കല്‍പറ്റ നാരായണന്‍, പി.കെ. പാറക്കടവ്, സി.ടി. സക്കീര്‍ ഹുസൈന്‍, മുജീബുറഹ്മാന്‍ കിനാലൂര്‍, എ.പി. അബ്ദുല്‍ വഹാബ്, പി.എ. പൗരന്‍, സി.കെ. അബ്ദുല്‍ അസീസ്, മണമ്പൂര്‍ രാജന്‍ബാബു, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഗ്രോ വാസു, എന്‍ജിനീയര്‍ മമ്മദ്‌കോയ, ടി.കെ. അശ്‌റഫ്, ശൈഖ് മുഹമ്മദ് കാരകുന്ന്, എ. റഹ്മത്തുന്നിസ, പി.എം. സ്വാലിഹ്, സി.ടി. സുഹൈബ്, അഫീദ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് ജന. സെക്രട്ടറി എം.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.

Related Articles