Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയാക്രമണ വിരുദ്ധ ബില്‍ നടപ്പാക്കണം: ജംഇയ്യത്തുല്‍ ഉലമ

അജമീര്‍: ദീര്‍ഘകാലമായി തങ്ങള്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയാക്രമണ വിരുദ്ധ ബില്‍ നടപ്പാക്കണമെന്ന ആവശ്യം ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. അജ്മീറില്‍ നടന്ന സംഘടനയുടെ സമ്മേളന പ്രമേയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുസ്‌ലിം വ്യക്തിനിയമത്തിലെ ഇടപെടല്‍ അനുവദിക്കില്ലെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്ന ഏകസിവില്‍കോഡിനെ എതിര്‍ക്കുമെന്നും പ്രമേയം വ്യക്തമാക്കി. വിവിധ മതങ്ങളുടെ നേതാക്കളുടെയും മുസ്‌ലിം പണ്ഡിതന്‍മാരുടെയും സാന്നിദ്ധ്യത്തിലാണ് ജംഇയ്യത്ത് ജനറള്‍ സെക്രട്ടറി മൗലാനാ മഹ്മൂദ് മദനി പ്രമേയം അവതരിപ്പിച്ചത്. ഫാഷിസ്റ്റ് ശക്തികള്‍ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയൊരു ഭാരതത്തിന്റെ നിര്‍മാണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മഹ്മൂദ് മദനി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷക്കും അഖണ്ഡതക്കും മുന്നോടിയായി ഉണ്ടാവേണ്ട ഒന്നായിട്ടാണ് ജംഇയ്യത്ത് സാമുദായിക സൗഹാര്‍ദത്തെ കാണുന്നത്. രാജ്യത്തിന്റെ മുഖത്തെ കറുത്ത പാടും രാജ്യപുരോഗതിക്ക് മുന്നിലുള്ള തടസ്സവുമായിട്ടാണ് വര്‍ഗീയ കലാപങ്ങളെ അത് പരിഗണിക്കുന്നത്. രാജ്യത്തെ സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുകയെന്നതാണ് സര്‍ക്കാറിന്റെ പ്രഥമ ഉത്തരവാദിത്വം. അതൊരിക്കലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ അനുവദിച്ചു കൊടുക്കരുത്. അതുകൊണ്ട് വര്‍ഗീയ കലാപവിരുദ്ധ ബില്‍ നടപ്പാക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ജംഇയ്യത്ത് ആവശ്യപ്പെടുന്നത്. എന്ന് പ്രസ്താവന വിവരിച്ചു.
ജയിലില്‍ കിടക്കുന്ന നിരപരാധികളായ യുവാക്കളെ മോചിപ്പിക്കാനും മുഴുവന്‍ ഭീകരകേസുകളും പുനപരിശോധനക്ക് വിധേയമാക്കാനും ജംഇയ്യത്ത് ആവശ്യപ്പെട്ടു. ഭീകരത ഇസ്‌ലാമിനെതിരെയുള്ള ഒരു അന്താരാഷ്ട്ര ഗൂഢാലോചനയാണ്. അതേസമയം ഒരു നിരപരാധിയെയും വധിക്കാന്‍ അനുവദിക്കാത്ത ഇസ്‌ലാം എല്ലാത്തരം ഭീകര പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയാണ് ചെയ്യുന്നതെന്നും പ്രമേയം കൂട്ടിചേര്‍ത്തു.

Related Articles