Current Date

Search
Close this search box.
Search
Close this search box.

വധശ്രമത്തിന് പിന്നില്‍ ഇറാന്‍: ആഇദ് അല്‍ഖര്‍നി

ജിദ്ദ: തനിക്കെതിരെയുള്ള വധശ്രമത്തിന് പിന്നില്‍ ഇറാനായിരുന്നു എന്ന് ഫിലിപ്പീന്‍ പോലീസിന്റെ അന്വേഷണം സ്ഥിരീകരിച്ചതായി പ്രമുഖ സൗദി പ്രബോധകന്‍ ശൈഖ് ആഇദ് അല്‍ഖര്‍നി വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ഇറാനായിരുന്നു എന്ന വിവരം ഫിലിപ്പീന്‍സിലെ സൗദി അംബാസഡര്‍ അബ്ദുല്ല അല്‍ബുസൈരിയാണ് തന്നെ അറിയിച്ചതെന്നും ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ ക്ലിപ്പില്‍ ശൈഖ് സൂചിപ്പിച്ചു. മുസ്‌ലിംകളെയും ഹജ്ജ് തീര്‍ഥാടകരെയും ഇറാന്‍ ഉന്നംവെക്കുകയാണെന്നും അവര്‍ നമ്മുടെ ശത്രുക്കളാണെന്നും അദ്ദേഹം അതില്‍ പറയുന്നുണ്ട്.
വെടിവെച്ച റോജസാന്‍ മിസുവരി വെസ്‌റ്റേണ്‍ മിന്‍ഡനാവോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണെന്നും അവന്‍ ഇടക്കിടെ ഫിലിപ്പീന്‍സിലെ ഇറാനിയന്‍ സെന്റര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് അറബ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. പ്രസ്തുത വിദ്യാര്‍ഥി ഇറാന്‍ നഗരമായ ഖൂമില്‍ പഠിക്കുന്നതിന് വിസ നേടിയിരുന്നുവെന്നും ഫിലിപ്പീന്‍സിലെ ഇറാനികള്‍ രൂപം കൊടുത്ത പുതിയ പാര്‍ട്ടില്‍ അംഗത്വമെടുത്തിരുന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
ഫിലിപ്പീന്‍സിലെ സംബോര്‍ഗ നഗരത്തില്‍ വെച്ചാണ് ഈ വര്‍ഷം ആദ്യത്തില്‍ ശൈഖ് അല്‍ഖര്‍നിക്ക് വെടിയേറ്റത്. വലതു തോളിനായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റിരുന്നത്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൗദി എംബസി ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.

Related Articles