Current Date

Search
Close this search box.
Search
Close this search box.

വടക്കന്‍ സിറിയയിലെ ഉപരോധം അവസാനിപ്പിക്കണമെന്ന് പുടിനോട് ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: വടക്കന്‍ സിറിയയില്‍ സര്‍ക്കാര്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് റഷ്യ നടത്തുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും മേഖലയിലെ ഉപരോധം അവസാനിപ്പിക്കണമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനോടാണ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച ഫോണിലൂടെയാണ് പുടിനുമായി ചര്‍ച്ച നടത്തിയത്. തുര്‍ക്കി സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ ആറു വര്‍ഷമായി സിറിയയില്‍ ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യം നടത്തുന്ന ആഭ്യന്തര യുദ്ധത്തെ തുര്‍ക്കി നേരത്തെ തന്നെ ശക്തമായി എതിര്‍ത്തിരുന്നു.  അടുത്ത കാലത്താണ് സിറിയ റഷ്യയുമായും ഇറാനുമായും രാഷ്ട്രീയ നേടത്തിന്റെ ഭാഗമായി സഖ്യമുണ്ടാക്കിയത്.

കഴിഞ്ഞ വര്‍ഷം ഇദ്‌ലിബ് പ്രവിശ്യയില്‍ ഉപരോധത്തിന്റെ തീവ്രത കുറക്കാന്‍ മൂന്നു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ഇദ്‌ലിബ്. എന്നാല്‍ കഴിഞ്ഞ ദിവസവും മേഖലയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ അരങ്ങേറിയിരുന്നു. റഷ്യയുടെയും ഇറാന്റെയും അംബാസിഡര്‍മാരോടും തുര്‍ക്കി കഴിഞ്ഞ ദിവസം വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു.

കഴിഞ്ഞ ആറാം തീയതി റഷ്യന്‍ സൈനിക താവളത്തില്‍ വിമതരുടെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് തുര്‍ക്കിയോട് ഇദ്‌ലിബ് മേഖലയില്‍ നിയന്ത്രണം ശക്തമാക്കാന്‍ റഷ്യ ആവശ്യപ്പെട്ടിരുന്നു.

 

Related Articles