Current Date

Search
Close this search box.
Search
Close this search box.

‘വഖഫ് മാഫിയ’യില്‍ നിന്നും വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ കാമ്പയിന്‍ നടത്തും: അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ‘വഖഫ് മാഫിയ’ പിടിച്ചടക്കിയിരിക്കുന്ന വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള ശക്തമായ കാമ്പയിന്‍ നടത്തുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഈ സ്വത്തുക്കള്‍ മുസ്‌ലിം സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതിനും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിന് റിട്ടയേഴ്ഡ് സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ടയേഴ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയോ നേതൃത്വത്തിലുള്ള ഏകാംഗ ബോര്‍ഡിനെ നിയമിക്കുമെന്നും കേന്ദ്ര വഖഫ് കമ്മറ്റിയുടെ 74-ാം യോഗത്തിന് അധ്യക്ഷത വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. വഖഫ് സ്വത്തുക്കള്‍ കൈവശപ്പെടുത്തവര്‍ എത്ര ശക്തരാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വഖഫ് സ്വത്തുക്കള്‍ ഈ വര്‍ഷാവസാനത്തോടെ ഓണ്‍ലൈന്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വഖഫ് കൈയേറ്റം ഫലപ്രദമായി തടയുന്നതിനും തര്‍ക്കപരിഹാരത്തിനും സുതാര്യതക്കും ഇത് അത്യാവശ്യമാണെന്ന് നഖ്‌വി പറഞ്ഞു. പല സംസ്ഥാനങ്ങളില്‍ നിന്നും വഖഫ് കൈയേറ്റം സംബന്ധിച്ച ഗുരുതര പരാതികള്‍ ലഭിച്ചിട്ടുണ്ട്. രാജ്യമെമ്പാടുമായി രജിസ്റ്റര്‍ ചെയ്ത  4,27,000 വഖഫ് സ്വത്തുക്കളുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവ വേറെയുമുണ്ട്. കൈയേറ്റക്കാരുടെ പിടിയില്‍നിന്ന് വീണ്ടെടുക്കുന്ന വഖഫ് സ്വത്തുക്കള്‍ സ്‌കൂള്‍, കോളജ്, മാളുകള്‍, ആശുപത്രികള്‍, പ്രതിഭാ വികസന കേന്ദ്രങ്ങള്‍ എന്നിവയുണ്ടാക്കാനായി ഉപയോഗിക്കും. സംസ്ഥാനങ്ങളില്‍ മൂന്നംഗ ട്രൈബ്യൂണലുകള്‍ രൂപവത്കരിക്കാന്‍ നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles