Current Date

Search
Close this search box.
Search
Close this search box.

ലോകം മുഴുവന്‍ എതിര്‍ത്തിട്ടും കൂസലില്ലാതെ അസദ്; ഗൂതയിലെ ആക്രമണം തുടരുമെന്ന്

ദമസ്‌കസ്: ലോകം മുഴുവന്‍ ശക്തമായ താക്കീതു നല്‍കിയിട്ടും കൂസലില്ലാതെ സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്. കിഴക്കന്‍ ഗൂതയില്‍ തുടരുന്ന വ്യോമാക്രമണങ്ങളും ബോംബിങ്ങും തുടരുമെന്നാണ് കഴിഞ്ഞ ദിവസം അസദ് വീണ്ടും ആവര്‍ത്തിച്ചത്. തീവ്രവാദികള്‍ക്കെതിരെയുള്ള സിറിയയുടെ യുദ്ധം തുടരുമെന്ന സ്ഥിരം പല്ലവി തന്നെയാണ് ഇക്കുറിയും അസദ് പറഞ്ഞത്.

‘ഞങ്ങള്‍ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും, ഗൂതയിലെ സൈനിക നടപടിയും ഇതിന്റെ ഭാഗമാണ്’ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ യുദ്ധ പ്രവര്‍ത്തനങ്ങളും വെടിനിര്‍ത്തലും തമ്മില്‍ വൈരുദ്ധ്യങ്ങളില്ല. വെടിനിര്‍ത്തല്‍ കരാര്‍ വരുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പു തന്നെ സൈനിക നടപടിയില്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്’. ഗൂതയിലെ സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനുള്ള അവസരം നല്‍കികൊണ്ട് സമാന്തരമായി ഞങ്ങള്‍ ഓപറേഷന്‍ തുടരുമെന്നും അസദ് കൂട്ടിച്ചേര്‍ത്തു.

മാനുഷിക പരിഗണന നല്‍കി രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് റഷ്യ അസദ് സൈന്യത്തോട് നിര്‍ദേശിച്ചിരുന്നു. സിറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സനയോടാണ് അസദ് പ്രതികരിച്ചത്.

വിമതരുടെ ശക്തി കേന്ദ്രമായ ഗൂതയില്‍ റഷ്യയുടെ പിന്തുണയുള്ള സിറിയന്‍ സൈന്യം 15 ദിവസമായി തുടരുന്ന വ്യോമാക്രമണങ്ങളില്‍ ഇതിനോടകം 120ഓളം പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച മാത്രം 30 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഫെബ്രുവരി 25നാണ് സിറിയന്‍ സൈന്യം കിഴക്കന്‍ ഗൂതയില്‍ ആക്രമണം ശക്തമാക്കിയത്. അക്ഷരാര്‍ത്ഥത്തില്‍ ശവപ്പറമ്പായി മാറിയിരിക്കുകയാണ് ഇപ്പോള്‍ കിഴക്കന്‍ ഗൂത.

 

Related Articles