Current Date

Search
Close this search box.
Search
Close this search box.

ലണ്ടന്‍ ഭീകരാക്രമണം മുസ്‌ലിംകളെ ലക്ഷ്യം വെച്ച് നടന്നത്: തെരേസ മേയ്

ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദിന് സമീപത്ത് വാഹനം ഇടിച്ചു കയറ്റി നടത്തി നടന്ന ആക്രമണം മുസ്‌ലിംകളെ ലക്ഷ്യം വെച്ച് നടന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ഇസ്‌ലാമോഫോബിയ അടക്കമുള്ള തീവ്രവാദത്തെ നാം നേരിടേണ്ടതുണ്ടെന്നും ഡോണിങ് സ്ട്രീറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. അക്രമി വ്യക്തിപരമായി നടത്തിയ ഒന്നാണ് സംഭവമെന്നും അവര്‍ സൂചിപ്പിച്ചു. രാജ്യത്തെ മുസ്‌ലിം സമൂഹത്തിന് ആശ്വാസം നല്‍കുന്നതിനായി കൂടുതല്‍ സേനയെ വ്യന്യസിക്കുമെന്നും മേയ് വ്യക്തമാക്കി. മസ്ജിദുകളുടെ സുരക്ഷാ സംബന്ധിയായ ആവശ്യങ്ങള്‍ ഭരണകൂടം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. നമ്മുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഭീതിജനകമായ ശ്രമത്തിനാണ് നാം സാക്ഷ്യം വഹിച്ചതെന്നും തീവ്രവാദം നമ്മുടെ മൂല്യങ്ങളെയും ജീവിതശൈലിയെയും തകര്‍ക്കുമെന്നും പറഞ്ഞുകൊണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
മസ്ജിദിന് സമീപത്ത് വെച്ചുണ്ടായ ആക്രമണം ഇസ്‌ലാമോഫോബിയയുടെ ഫലമായിട്ടുണ്ടായ ഭീകരാക്രമണമാണെന്നാണ് ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വം അഭിപ്രായപ്പെട്ടിട്ടുള്ളത്. മുസ്‌ലിംകള്‍ക്കെതിരെ മാത്രമല്ല, ബ്രിട്ടീഷ് സമൂഹത്തിന് നേരെയുള്ള അതിക്രമമാണെന്നും അവര്‍ പറഞ്ഞു. ‘ഞെട്ടിപ്പിക്കുന്ന ഭീകരാക്രമണം’ എന്നാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്.

Related Articles