Current Date

Search
Close this search box.
Search
Close this search box.

ലണ്ടനിലെ ഇസ്രയേല്‍ ലോബിയെ കുറിച്ച വെളിപ്പെടുത്തലുമായി അല്‍ജസീറ

ദോഹ: ബ്രിട്ടന്റെ വിദേശകാര്യ നയം ഇസ്രയേലിന് അനുകൂലമാക്കി മാറ്റുന്നതിന് പ്രവര്‍ത്തിക്കുന്ന സമ്മര്‍ദ ശക്തികളിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററിയുമായി അല്‍ജസീറ ചാനല്‍. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇസ്രയേല്‍ വിരുദ്ധരായി കണക്കാക്കപ്പെടുന്ന എംപിമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ലണ്ടനിലെ ഇസ്രയേല്‍ എംബസി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമങ്ങള്‍ ‘ലോബി’ എന്ന പേരിലുള്ള ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രി സര്‍ അലന്‍ ഡങ്കനെ പുറത്താക്കാന്‍ ഇസ്രയേല്‍ എംബസി നടത്തിയ ശ്രമങ്ങളെ കുറിച്ചും അത് വിവരിക്കുന്നു. നാല് ഭാഗങ്ങളായിട്ടാണ് അല്‍ജസീറ അന്വേഷണ സംഘം തയ്യാറാക്കിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുക. ഇസ്രയേല്‍ എംബസി മുഖാന്തിരം പണവും രഹസ്യപിന്തുണയും നല്‍കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും ലേബര്‍ പാര്‍ട്ടിയെയും വരുതിയിലാക്കിയ രീതിയും അതില്‍ വിവരിക്കുന്നു.
ഡോക്യുമെന്ററിയെ സംബന്ധിച്ച വാര്‍ത്തകള്‍ കടുത്ത പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജനുവരി 15 ഞായറാഴ്ച്ച അതിന്റെ ആദ്യ ഭാഗവും അടുത്ത മൂന്ന് ദിവസങ്ങളിലായി അവശേഷിക്കുന്ന ഭാഗങ്ങളും സംപ്രേഷണം ചെയ്യുമെന്നാണ് അല്‍ജസീറ വെബ്‌സൈറ്റ് അറിയിച്ചു.

Related Articles