Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യ; സൂകിക്കെതിരെ നൊബേല്‍ സമ്മാന ജേതാക്കള്‍ ഐക്യരാഷ്ട്രസഭയില്‍

യാങ്കൂണ്‍: മ്യാന്‍മറിലെ റാഖേന്‍ പ്രവിശ്യയിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഓങ് സാന്‍ സൂകിയെ നിശിതമായി വിമര്‍ശിച്ച് നിരവധി നൊബേല്‍ സമ്മാന ജേതാക്കളും ലോകനേതാക്കളും രംഗത്ത് വന്നു. വ്യാഴാഴ്ച്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കപ്പെട്ട തുറന്ന് കത്തില്‍ 23 പ്രമുഖര്‍ റോഹിങ്ക്യന്‍ വിഷയത്തില്‍ ഓങ് സാന്‍ സൂകിയുടെ നിലപാടില്‍ നിരാശരേഖപ്പെടുത്തി.
‘ഓങ് സാന്‍ സൂകിയെ നിരന്തരം ഉണര്‍ത്തിയിട്ടും, റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് മുഴുവന്‍ അവകാശങ്ങളും, തുല്ല്യ പൗരത്വവും നല്‍കുന്ന കാര്യത്തില്‍ സൂകി യാതൊരു നടപടിയും എടുത്തിട്ടില്ലെന്നതില്‍ ഞങ്ങള്‍ക്ക് അമര്‍ഷമുണ്ട്.’ 13 നൊബേല്‍ സമ്മാന ജേതാക്കളും, 10 ലോകനേതാക്കളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. മ്യാന്‍മറില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറുന്നത് വംശഹത്യയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. സംഘര്‍ഷ മേഖലയില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാവിധ നിയന്ത്രണങ്ങളും പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കത്ത് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.
1984-ലെ സമാധാന നൊബേല്‍ സമ്മാന ജേതാവ് ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, 1976-ലെ സമാധാന നൊബേല്‍ ജേതാവ് മെയ്‌റീഡ് മാഗ്വയര്‍, മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി റൊമാനോ പ്രോഡി, വ്യവസായ പ്രമുഖനും ജീവകാരുണ്യപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ദി ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ സ്ഥാപകയും പത്രാധിപയുമായ അരിയാന ഹഫിംഗ്ട്ടണ്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവെച്ച പ്രമുഖരില്‍ ഉള്‍പ്പെടും.

Related Articles