Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ മുസ്‌ലിം പ്രശ്‌നം; ഉപദേശക സമിതി നേതൃത്വം കോഫി അന്നാന്

യാങ്കൂണ്‍: മ്യാന്‍മറിലെ റാഖേന്‍ പ്രവിശ്യയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ‘ശാശ്വത പരിഹാരം’ കാണുന്നതിന് മ്യാന്‍മര്‍ ഭരണകൂടം മുന്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി കോഫി അന്നാന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയെ നിശ്ചയിക്കുന്നു. അവിടത്തെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് നിരവധി മനുഷ്യാവകാശ സംഘടനകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ദീര്‍ഘകാലമായി പ്രദേശത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒമ്പത് അംഗ ഉപദേശക സമിതിയെ വെക്കാന്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിയുടെ ഓഫീസ് കോഫി അന്നാന്‍ ഫൗണ്ടേഷനുമായി ഉടമ്പടിയുണ്ടാക്കുമെന്ന് സൂകിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി. മൂന്ന് അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ആറ് ദേശീയ വ്യക്തിത്വങ്ങളുമാണ് സമിതിയിലുണ്ടാകുകയെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
റാഖേന്‍ പ്രദേശത്തിന്റെ പുരോഗതിക്കും സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള ദേശീയ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സാധിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് കോഫി അന്നാന്‍ പറഞ്ഞതായി ജനീവയിലുള്ള കോഫി അന്നാന്‍ ഫൗണ്ടേഷന്‍ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. റാഖേനിലെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും പറയാനുള്ളത് ഞാന്‍ കേള്‍ക്കുകയും എല്ലാവര്‍ക്കും സുരക്ഷിതത്വവും പുരോഗതിയും ഉറപ്പാക്കുന്ന കേന്ദ്ര – പ്രവിശ്യാ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുമെന്നും അന്നാന്‍ കൂട്ടിചേര്‍ത്തു.

Related Articles