Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ കുട്ടികള്‍ അടിയന്തിര സഹായം ആവശ്യമുള്ളവരെന്ന് യൂനിസെഫ്

അങ്കാറ: ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ ബാല്യങ്ങളാണ് അടിയന്തിര സഹായം തേടി ബംഗ്ലാദേശിലും മ്യാന്മറിലും കഴിയുന്നതെന്ന് യു.എന്നിലെ കുട്ടികളുടെ ഏജന്‍സിയായ യൂനിസെഫ്.

720,000ത്തോളം കുട്ടികളാണ് ആക്രമങ്ങള്‍ മൂലവും വിവിധ രോഗങ്ങള്‍ പിടിപെട്ടും നരകയാതന അനുഭവിക്കുന്നത്. ഇവര്‍ അടിയന്തിര സഹായമാവശ്യമുള്ളവരാണ്. ഇവരില്‍ പലരും മ്യാന്മറില്‍ കുടുങ്ങിപ്പോയവരോ അല്ലെങ്കില്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ ഞെക്കിഞെരുങ്ങി കഴിയുന്നവരോ ആണ്. ബംഗ്ലാദേശില്‍ നിന്നും തിരിച്ചു നാട്ടിലേക്ക് മടങ്ങാനാവാതെ പ്രയാസമനുഭവിക്കുന്നവരും ഇതില്‍പ്പെടും.

5,34000 റോഹിങ്ക്യന്‍ കുട്ടികളാണ് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്നത്. 185,000 കുട്ടികളാണ് മ്യാന്മറിലെ റാകൈനില്‍ അവശേഷിക്കുന്നത്. ഇവരെല്ലാം കടുത്ത അതിക്രമങ്ങളാണ് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നതെന്നും യൂനിസെഫ് അടിയന്തിര പദ്ധതി ഡയറക്ടര്‍ മാനുവല്‍ ഫോണ്ടെയ്ന്‍ പറഞ്ഞു. ബംഗ്ലാദേശില്‍ വരാനിരിക്കുന്ന സൈക്ലോണ്‍ ചുഴലിക്കാറ്റും ഇവരെ പ്രതികൂലമായി ബാധിക്കും. ഇതു അഭയാര്‍ത്ഥി ക്യാംപുകളുടെ നാശത്തിനു കാരണമാകും. ജലജന്യ രോഗങ്ങള്‍ പിടിപെടാനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ നശിക്കാനും അതിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ തയാറാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും മെഡിക്കല്‍ സഹായവും,വിദ്യാഭ്യാസ ഉപജീവന സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാവേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും പീഡനമനുഭവിക്കുന്ന ജനതയാണ് റോഹിങ്ക്യകളെന്ന് നേരത്തെ യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2012ല്‍ തുടങ്ങിയ വംശീയ ഉന്മൂലനം മൂലം ആയിരക്കണക്കിനു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. മ്യാന്മര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും ചേര്‍ന്ന് റോഹിങ്ക്യള്‍ക്കു നേരെ ക്രൂരമായ പീഡനങ്ങളും അതിക്രമങ്ങളുമാണ് നടത്തുന്നത്. ഇതിനോടകം ഏഴര ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലെ കോക്‌സ് ബസാറിലേക്ക് കുടിയേറിയത്.

 

Related Articles