Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകളെ രക്ഷിക്കുന്നതിന് കൂട്ടായ ശ്രമത്തിന് ഒ.ഐ.സി ആഹ്വാനം

ദോഹ: റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആസിയാന്‍ (ASEAN) നേതാക്കള്‍ മ്യാന്‍മര്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്ന് ഒ.ഐ.സി പ്രതിനിധി ഹാമിദ് അല്‍ബാര്‍റ് കുറ്റപ്പെടുത്തി. റോഹിങ്ക്യകള്‍ക്ക് നേരെയുള്ള ഉത്തരവാദിത്വത്തില്‍ ആസിയാന്‍ വീഴ്ച്ച വരുത്തിയതായി അല്‍ജസീറ ചാനലിന്റെ പരിപാടിയില്‍ അദ്ദേഹം ആരോപിച്ചു. ഐക്യരാഷ്ട്രസഭയുടെ ഏഴാം ചാപ്റ്റര്‍ പ്രകാരമാണെങ്കിലും റോഹിങ്ക്യകളെ രക്ഷിക്കാന്‍ കൂട്ടായശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജി.സി.സിയും റോഹിങ്ക്യകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ അപലപിച്ചിട്ടുണ്ട്. മനാമയില്‍ ചേര്‍ന്ന ജി.സി.സി നേതാക്കളുടെ 37ാമത് ഉച്ചകോടിയുടെ സമാപന പ്രസ്താവനയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളെയും അവര്‍ക്കെതിരെയുള്ള വംശീയ വിവേചനങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും പ്രസ്താവന അപലപിച്ചു.
അതേസമയം റോഹിങ്ക്യകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ മുസ്‌ലിം കൂട്ടായ്മകള്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിന് മുന്നില്‍ പ്രകടനം നടത്തി. അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും അവര്‍ക്ക് മ്യാന്‍മര്‍ പൗരത്വം നല്‍കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

Related Articles